നഗ്നനാക്കി, സംശയദൃഷ്ടിയോടെ നോക്കി; 120 രാജ്യങ്ങൾ സന്ദർശിച്ചതിൽ ഏറ്റവും വംശീയമായി പെരുമാറിയത് ആ രാജ്യത്തായിരുന്നു
ട്രാവൽ വ്‌ളോഗർമാരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുതുമയുള്ള കാര്യമല്ല. അത്തരത്തിൽ 120ലധികം രാജ്യങ്ങൾ സന്ദർശിച്ച 'എക്സ്‌പ്ലോറർ രാജ' എന്ന വ്‌ളോഗറുടെ വീഡിയോയാണ് വൈറലാകുന്നത്. ഇതുവരെ പോയതിൽ വച്ച് ഏറ്റവും വംശീയ രാഷ്ട്രം ഏതാണെന്നാണ് യുവാവ് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത്.
ജോർജിയയിലെ വിമാനത്താവളത്തിൽവച്ച് തനിക്കുണ്ടായ ദുരനുഭവമാണ് യുവാവ് പങ്കുവയ്ക്കുന്നത്. അവിടെ വെച്ച് തന്നെ നഗ്നനാക്കി പരിശോധിച്ചുവെന്നും നാട്ടുകാരും വംശീയമായി പെരുമാറുന്നതുപോലെ തോന്നിയെന്നും വ്‌ളോഗർ പറയുന്നു. പാസ്‌പോർട്ടും വിസയുമെല്ലാമുണ്ടായിട്ടും ഇമിഗ്രേഷൻ കൗണ്ടറിലുള്ളവർ തന്നെ സംശയ ദൃഷ്ടിയോടെ നോക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇമിഗ്രേഷൻ കൗണ്ടറിലെ ഒരു സ്ത്രീ സംശയദൃഷ്ടിയോടെ താൻ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ചു. ടൂറിസ്റ്റാണെന്ന് പറഞ്ഞപ്പോൾ ഒരു ഇന്ത്യക്കാരന് വിനോദസഞ്ചാരിയാകാൻ കഴിയില്ലെന്ന് പറഞ്ഞെന്നും യുവാവ് വ്യക്തമാക്കി. '2019ലാണ് ഞാൻ ആദ്യമായി ജോർജിയയിൽ പോയത്. വിസ അടക്കം എല്ലാ രേഖകളും കൈവശമുണ്ടായിരുന്നു. പക്ഷേ ഒരു വിശദീകരണവുമില്ലാതെ അവർ എന്നോട് നാല് മണിക്കൂർ കാത്തിരിക്കാൻ നിർബന്ധിച്ചു. വിമാനത്താവളത്തിൽ വെച്ച് എന്നെ നഗ്നയാക്കി, എല്ലാം പരിശോധിച്ചു. ആറ് വർഷത്തിനു ശേഷം മൂന്ന് പാസ്‌പോർട്ടുകൾ നിറയെ സ്റ്റാമ്പുകളും വിസകളുമായി തിരിച്ചെത്തിയപ്പോൾ, അവരുടെ മനോഭാവം മാറുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. 120ലധികം രാജ്യങ്ങളിൽ പോയെങ്കിലും വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമാണ് ഇത്തരമൊരു അനുഭവമുണ്ടായത്.'- അദ്ദേഹം വ്യക്തമാക്കി.