ലാലേട്ടനോട് ഏറെ ഇഷ്ടം, ഒളിച്ചുകളിയിൽ ആ സ്‌നേഹം 'പാരയായി'; കൊച്ചുമിടുക്കിയുടെ വീഡിയോ
കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ... പ്രായഭേദമന്യേ ഏവരും ഇഷ്ടപ്പെടുന്നയാളാണ് മഹാനടൻ മോഹൻലാൽ. എല്ലാവരും സ്‌നേഹത്തോടെ ലാലേട്ടേ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. അത്തരത്തിൽ നെഞ്ചിനകത്ത് ലാലേട്ടനെ കൊണ്ടുനടക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
സബിൻ പ്രിയ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് കൊച്ചു പെൺകുട്ടിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കുട്ടിയും മുതിർന്നൊരാളും ഒളിച്ചുകളിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. മുതിർന്നയാൾ കണ്ണടച്ചിരിക്കുമ്പോൾ കുട്ടി ഓടി പോയി അലമാരയിൽ ഒളിക്കുകയാണ്.
മുതിർന്നയാൾ കുട്ടിയെ അന്വേഷിച്ച് മുറിയിൽ എത്തുന്നു. മോഹൻലാലിന്റെ കട്ട ഫാനായ കുട്ടിയെ കണ്ടെത്താൻ അറ്റകൈ പ്രയോഗം തന്നെ അദ്ദേഹം നടത്തി. 'നെഞ്ചിനകത്ത്' എന്ന് അദ്ദേഹം പറയുമ്പോൾ അലമാരയ്ക്കകത്തുനിന്ന് കുട്ടി 'ലാലേട്ടൻ' എന്ന് മറുപടി നൽകുകയാണ്. 'നെഞ്ചുവിരിച്ച്, മുണ്ടുമടക്കി' എന്നൊക്കെ പറയുമ്പോൾ 'ലാലേട്ടൻ, ലാലേട്ടൻ' എന്നായി കുട്ടി. തുടർന്ന് മുതിർന്നയാൾ അലമാരയുടെ വാതിൽ തുറന്ന് കുട്ടിയെ കണ്ടെത്തുകയാണ്.
നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്‌തിരിക്കുന്നത്. ഒരുപാടുപേർ കമന്റും ചെയ്‌തിട്ടുണ്ട്. അലമാരയിൽ ഒളിച്ചുകളിക്കരുതെന്ന് കുട്ടിയോട് പറയണമെന്നും അത് അപകടമാണെന്നുമാണ് ഒരാളുടെ കമന്റ്. ലാലേട്ടൻ എന്നാണ് ചിലരുടെ കമന്റ്.