ആനപ്രേമികളുടെ പ്രിയങ്കരൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

Tuesday 19 August 2025 3:06 PM IST

കോട്ടയം: ആനപ്രേമികളുടെ പ്രിയങ്കരനായ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. രോഗങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയാലായിരുന്നു. കോടനാട് ആനക്കളരിയിൽ നിന്നും അവസാനം ലേലംവിളിച്ച ആനകളിൽ ഒന്നായിരുന്നു അയ്യപ്പൻ. ലേലംവിളിയിലൂടെ ഈരാറ്റുപേട്ട പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ വീട്ടിലെത്തിയ ആരാം എന്ന കുട്ടിയാനയാണ് പിന്നീട് ആനപ്രേമികളുടെ പ്രിയപ്പെട്ട ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്. പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് ആരാമിനെ വാങ്ങിയത്.

1977 ഡിസംബർ 20ന് ലേലത്തിൽ വാങ്ങുമ്പോൾ അയ്യപ്പന് ഏഴ് വയസ് മാത്രമായിരുന്നു പ്രായം. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ആന നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയങ്കരനായി. ഉത്സവ കാലം കഴിഞ്ഞ് അയ്യപ്പൻ ഈരാറ്റുപേട്ടയിലെത്തുന്ന ദിവസം ഇഷ്ടക്കാരെല്ലാം അവനെ കാണാനെത്തുമായിരുന്നു. ഗജരാജൻ, ഗജോത്തമൻ, ഗജരത്നം, കളഭകേസരി, തിരുവിതാംകൂർ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ ഒട്ടേറെ പട്ടങ്ങളും അയ്യപ്പൻ നേടിയിട്ടുണ്ട്.