ഒറ്റ വീഡിയോകൊണ്ട് ദിയയുടെ ജനപ്രീതി മുഴുവൻ പോയി? വ്യാപക വിമർശനം; പിന്നാലെ കുഞ്ഞിനൊപ്പമുള്ള വ്ലോഗ് കാണാനില്ല
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്‌ണ. ദിയയുടെ എല്ലാ വീഡിയോകളും യൂട്യൂബിൽ ട്രെൻഡിംഗാണ്. ഗർഭിണിയായ ശേഷവും കുഞ്ഞ് ജനിച്ച ശേഷവും ദിയയുടെ ജനപ്രീതി കൂടി. ദിയയുടെ ഡെലിവറി വ്ലോഗ് കേരളമാകെ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ, ഇപ്പോഴിതാ ദിയയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടുകയാണ്. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി തീയേറ്ററിൽ സിനിമ കാണാൻ പോയ വ്ലോഗായിരുന്നു അത്. പിന്നാലെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.
ഇത്രയും ചെറിയ കുഞ്ഞിനെ തീയേറ്ററിൽ കൊണ്ടുപോയത് തെറ്റാണെന്നും വലിയ ശബ്‌ദം കേൾക്കുന്നത് കുഞ്ഞിന്റെ ചെവിയെ ബാധിക്കുമെന്നും പലരും ചൂണ്ടിക്കാട്ടി. കമന്റ് ബോക്‌സിൽ നിരവധിപേരാണ് ഇക്കാര്യം കമന്റായി രേഖപ്പെടുത്തിയത്. എന്നാൽ, ഇപ്പോൾ ഈ വീഡിയോ ദിയയുടെ ചാനലിൽ കാണാനില്ല. ദിയ തന്നെ നീക്കം ചെയ്‌തതോ അല്ലെങ്കിൽ തുടരെ റിപ്പോർട്ട് അടിച്ചത് കാരണം യൂട്യൂബ് തന്നെ നീക്കിയതോ ആയിരിക്കാമെന്നാണ് സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് വരുന്ന അഭിപ്രായങ്ങൾ.
ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പലരും പുറത്തേക്ക് കൊണ്ടുപോകാറില്ല. എന്നാൽ, ദിയ കുഞ്ഞുമായി വലിയ ശബ്‌ദവും ലൈറ്റുമുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. ഇത് തടയാൻ ദിയയുടെ വീട്ടുകാർക്ക് പോലും കഴിഞ്ഞില്ലേ എന്നാണ് പലരും ചോദിക്കുന്നത്.