കത്ത് ചോർച്ച വിവാദം; നിയമനടപടിയുമായി എം വി ഗോവിന്ദൻ, ഷർഷാദിന് വക്കീൽ നോട്ടീസയച്ചു

Tuesday 19 August 2025 5:00 PM IST

തിരുവനന്തപുരം: കത്ത് ചോർച്ച വിവാദത്തിൽ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ വക്കീൽ നോട്ടിസയച്ചു. മൂന്ന് ദിവസത്തിനകം ആരോപണങ്ങൾ പിൻവലിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ആരോപണം മീഡിയ വഴി തിരുത്തി നൽകണമെന്നും അപകീർത്തികരമായ ആക്ഷേപങ്ങൾ എല്ലാം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്.

2021ൽ പോളിറ്റ് ബ്യൂറോയ്ക്ക് ഷെർഷാദ് നൽകിയ പരാതി കത്ത് ചോർന്നത് കഴിഞ്ഞദിവസമാണ് രാഷ്ട്രീയ വിവാദമായത്. പാർട്ടി നേതാക്കളുമായി രാജേഷ് കൃഷ്ണ നടത്തിയ ഹവാല ഇടപാടുകളെക്കുറിച്ചുള്ള പരാതി പോളിറ്റ് ബ്യൂറോയ്ക്ക് ചോർത്തി നൽകിയതിന് പിന്നിൽ എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്താണെന്നാണ് വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതിയിൽ ഉന്നയിക്കുന്ന ആരോപണം. തെറ്റായ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന് ആരോപിച്ച് രാജേഷ് ഡൽഹി ഹൈക്കോടതിയിൽ ഒരു സ്വകാര്യ പരാതി ഫയൽ ചെയ്തിരുന്നു. വിവാദം അസംബന്ധമാണെന്നും ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്നും എംവി ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചിരുന്നു.

ഇതിനിടെ പി.ബിക്ക് പരാതി നൽകിയ ഷർഷാദിനെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ ഇന്നലെ ഫോണിൽ ബന്ധപ്പെട്ടതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. സിപിഎമ്മിനുള്ളിലെ പ്രത്യേകിച്ച് കണ്ണൂരിലെ ചേരിപ്പോരുകളുടെ ഭാഗമാണ് പുതിയ വിവാദമെന്നത് വ്യക്തം. ഗോവിന്ദന്റെ മണ്ഡലത്തിൽ നടന്ന ഹാപ്പി ഫെസ്റ്റിന്റെ മുഖ്യ സംഘാടകനായിരുന്ന ശ്യാംജിത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണവും ഷർഷാദ് ഉന്നയിച്ചു.

രാജേഷ് കൃഷ്ണയുടെ തട്ടിപ്പിനിരയായെന്ന് ഷർഷാദ് പരാതിയിൽ പറഞ്ഞ മുൻ ഭാര്യ റത്തീന, ഇന്നലെ ഷർഷാദിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതും ശ്രദ്ധേയമായി. മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്ന 'ചെന്നൈയിലെ വ്യവസായിയുടെ കത്ത് നാടകത്തിലെ തന്റെ റോളിനെക്കുറിച്ച് ആഖ്യാനങ്ങളുണ്ടായ സാഹചര്യത്തിലും, താനും ഈ വ്യവസായിയും തമ്മിലുള്ള കുടുംബ വഴക്കുമായി ബന്ധപ്പെട്ടതായതു കൊണ്ടുമാണ് ഈ പോസ്റ്റെന്നാണ് അവർ കുറിച്ചത്.