സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം,​ ബ്രാഞ്ച് സെക്രട്ടറിയ്‌ക്ക് കുത്തേറ്റു,​ ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിന് തലയ്‌ക്ക് പരിക്ക്

Tuesday 19 August 2025 7:51 PM IST

കൊല്ലം: കടയ്‌ക്കലിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ‌ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. സ്‌‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് കൂട്ടയടിയിലേക്ക് തിരിഞ്ഞത്. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് സംഘർഷത്തിൽ കുത്തേറ്റു. ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റായ അരുണിനും പരിക്കുണ്ട്. തലയ്‌ക്കാണ് അരുണിന് പരിക്കേറ്റത്. സംഭവത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്കും പരിക്കുണ്ട്.

സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ്-യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിനിടെ സംഘർഷമുണ്ടാകുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകനായ അൻസറിന്റെ കട തകർത്തുവെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. കടയ്‌ക്കലിലെ കോൺഗ്രസ് ഓഫീസ് തകർന്നു. സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.