ഗുണ്ടൽപേട്ടിൽ ഇത് പൂക്കാലം
സുൽത്താൻ ബത്തേരി: കേരള അതിർത്തിയോട് ചേർന്ന കർണാടക ഗുണ്ടിൽപേട്ടിൽ ചെണ്ടുമല്ലികളുടെ വിളവെടുപ്പാരംഭിച്ചു. എങ്ങും പൂകൃഷി ആയതിനാൽ തൊഴിലാളികളെ കിട്ടാതെ വലയുകയാണ് മറ്റ് കൃഷിക്കാർ. ഇതിൽ ഏറെ ബുദ്ധിമുട്ടുന്നത് ഇഞ്ചി കർഷകരാണ്. ഇഞ്ചി, വാഴ എന്നിവയ്ക്ക് പുറമെ ചോളം, കരിമ്പ്, മുതിര, ബീൻസ്, തക്കാളി, തണ്ണിമത്തൻ, കാബേജ്, തുടങ്ങി മറ്റ് കൃഷികൾക്കും തൊഴിലാളികളില്ല. ഓണ വിപണി മുന്നിൽ കണ്ടും വൻകിട പെയിന്റ് കമ്പനികൾക്ക് പൂക്കൾ നൽകുന്നതിനുമാണ് ജൂലായ്, ആഗസ്റ്റ് , സെപ്തംബർ മാസങ്ങളിൽ വിളവെടുക്കുന്ന വിധം മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. പാകമായ പൂക്കൾ പറിച്ചില്ലെങ്കിൽ ചീഞ്ഞുപോകും. കേരള വിപണിയിൽ ഇതിന് ആവശ്യം ഓണത്തോടടുപ്പിച്ചാണ്. അതിന് മുമ്പ് പൂക്കൾ പാകമാകുന്നതോടെ വിൽക്കാൻ പൂകൃഷിക്കാർ നിർബന്ധിതരാകുന്നു. ഇത് വിലക്കുറവിന് ഇടയാക്കും. വൻകിടസ്വകാര്യ കമ്പനികൾക്കുവേണ്ടി വ്യാവസായികാടിസ്ഥാനത്തിലാണ് ഇവിടെ പൂകൃഷി ചെയ്യുന്നത്. വളം, വിത്ത്, സാമ്പത്തിക സഹായങ്ങൾ എന്നിവ കമ്പനി നൽകുന്നു. അതിനാൽ അവർക്ക് തന്നെ പൂ വിൽക്കണമെന്നാണ് കർഷകരും കമ്പനികളും തമ്മിലെ ധാരണ. കിലോയ്ക്ക് 8 മുതൽ 10 വരെ നൽകി കമ്പനി പൂ വാങ്ങുന്നു. പൂ പറിക്കാൻ സമയമായാൽ ടൺ കണക്കിന് പൂക്കളാണ് ദിവസവും ഇവിടെനിന്ന് കൊണ്ടുപോകുന്നത്. വലിയ ട്രക്കുകൾ നിരയായി പൂചാക്ക് നിറക്കാൻ കിടപ്പുണ്ടാകും. വിളവെടുപ്പായാൽ പത്ത് ദിവസത്തിലൊരിക്കൽ ഓരോ പൂ പാടത്തിൽ നിന്നും പൂപറിക്കാം. ഒരു മാസംവരെ പൂക്കൾ കിട്ടും. മൂന്നു മാസമാണ് പൂ കൃഷി. ജൂലൈയിൽ ആരംഭിച്ച് ആഗസ്റ്റ്, സെപ്റ്റബറോടെ അവസാനിക്കും. അതുകഴിഞ്ഞാൽ മറ്റ് കൃഷികൾ ആരംഭിക്കും. വർഷത്തിൽ മൂന്നു കൃഷിയാണ് ഇവിടെ നടത്തുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം പൂക്കളുടെ ഉത്പ്പാദനം കൂടുതലാണെന്ന് കർഷകർ പറയുന്നു.