വെങ്ങളം - രാമനാട്ടുകര ദേശീയപാതയിൽ നിയമലംഘനം വേണ്ട, കുരുങ്ങും
28.4 കിലോമീറ്ററിൽ 46 ക്യാമറകൾ
കോഴിക്കോട് : ദേശീയപാതയിൽ വാഹനങ്ങളുമായി നിയമലംഘനം വേണ്ട, പിടിവീഴും. എൻ.എച്ച് 66 ൽ വെങ്ങളം - രാമനാട്ടുകര റീച്ചിൽ നിരീക്ഷണ ക്യാമറകൾ സജ്ജമായി. 28.4 കിലോമീറ്റർ ദൂരത്തിൽ 46 നിരീക്ഷണ ക്യാമറകളാണ്
സ്ഥാപിച്ചിരിക്കുന്നത്. പ്രധാന റോഡിലെയും ഓരോ എൻട്രി, എക്സിറ്റ് പോയിന്റുകളിലെയും സർവീസ് റോഡുകളിലെയും ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന രീതിയിലാണ് ക്യാമറകൾ സജ്ജമാക്കിയത്. പാതയിലുടനീളം കറങ്ങുന്ന ക്യാമറകളും മാമ്പുഴ പാലത്തിനു സമീപത്തെ ടോൾ പ്ലാസയുടെ പരിസരത്ത് ഫിക്സഡ് വിഷൻ ക്യാമറകളുമാണ് സ്ഥാപിച്ചത്. മാമ്പുഴ ടോൾ പ്ലാസയിൽ സജ്ജീകരിച്ച പ്രത്യേക മുറിയിൽ മോണിറ്റർ സ്ഥാപിച്ചാണ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുക. 15 ദിവസത്തെ റിക്കോർഡിംഗ് സൂക്ഷിക്കാനും വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകളുൾപ്പെടെ തിരിച്ചറിയാൻ ദൃശ്യങ്ങൾ വലുതാക്കാനും സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയതെന്ന് കരാറുകാരായ കെ.എം.സി കൺസ്ട്രക്ഷൻ കമ്പനി അധികൃതർ അറിയിച്ചു. അപകടങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ഉണ്ടായാൽ പൊലീസ് അന്വേഷണത്തിനും സംവിധാനം ഏറെ സഹായകമാകും.
ടോൾ പ്ലാസയും സജ്ജം
ദേശീയപാതയിൽ രാമനാട്ടുകര –വെങ്ങളം റീച്ചിൽ ടോൾ പിരിവു തുടങ്ങാനുള്ള പദ്ധതികൾ പൂർത്തിയായി വരികയാണ് .ഇരിങ്ങല്ലൂർ കൂടത്തുംപാറയിൽ മാമ്പുഴ പാലത്തിനു സമീപത്താണ് ഇരുദിശകളിലേക്കുമുള്ള ടോൾ പ്ലാസകൾ നിർമിച്ചത്. 250 മീറ്ററോളം അകലത്തിലാണ് രാമനാട്ടുകരയിൽ നിന്ന് തൊണ്ടയാട് ഭാഗത്തേക്കുപോകുന്ന ടോൾ ബൂത്തും തൊണ്ടയാട് ഭാഗത്തുനിന്ന് രാമനാട്ടുകര ഭാഗത്തേക്കു വരുന്ന ടോൾ ബൂത്തുമുള്ളത്. ടോൾ ബൂത്ത് എത്തുന്നതിന് ഒരു കിലോമീറ്റർ മുമ്പ് വ്യത്യസ്ത വാഹനങ്ങൾക്കുളള നിരക്കുകളും സൂചനാ സന്ദേശ ബോർഡുകളും സ്ഥാപിച്ചു കഴിഞ്ഞു.
ടോൾ പ്ലാസയുടെ മുഴുവൻ ട്രാക്കുകളും അടുത്ത ആഴ്ചയോടെ ഗതാഗതത്തിനായി തുറന്നു നൽകും. ഒന്ന്, രണ്ട് ട്രാക്കുകളിലൂടെ കാറുകളും ലൈറ്റ് മോട്ടോർ വാഹനങ്ങളും മൂന്ന്, നാല് ട്രാക്കുകളിൽ ബസ്, ട്രക്ക് എന്നിവയും ഏറ്റവും ഇടതുവശത്തായുള്ള അഞ്ചാം ട്രാക്കിലൂടെ വീതികൂടിയ വാഹനങ്ങളും കടന്നുപോകുന്ന രീതിയിലാണ് ടോൾ പ്ലാസയുടെ ക്രമീകരണം.