ഇലക്ട്രിഫിക്കേഷൻ പൂർത്തിയായിട്ടും മലബാറിൽ ഒരു മെമു !
- പാസഞ്ചർ ട്രെയിനുകൾ കൂട്ടണം
കോഴിക്കോട്: ഇലക്ട്രിഫിക്കേഷൻ പൂർത്തിയായാൽ മലബാറിൽ മണിക്കൂർ ഇടവിട്ട് മെമു സർവീസ് നടത്തുമെന്ന റെയിൽവേയുടെ ഉറപ്പ് വെറും വാക്കായി. പാസഞ്ചർ അസോസിയേഷൻ നടത്തിയ സമരത്തെ തുടർന്ന് 2015ലാണ് ഡിവിഷണൽ റെയിൽവേ മാനേജർ ഉറപ്പു നൽകിയത്. 10 വർഷം പിന്നിട്ടിട്ടും പുതിയതായി ഒരു മെമു പോലും വന്നില്ല. സംസ്ഥാനത്ത് 14 മെമു സർവീസാണുള്ളത്. ഇതിൽ രാവിലെ അഞ്ചിന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 9.10ന് കണ്ണൂരിലെത്തുന്നത് മാത്രമാണ് മലബാറിലുള്ളത്. ഇത് വെെകിട്ട് 5.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് ഷൊർണൂരിലെത്തും. കണ്ണൂരിനും ഷൊർണൂരിനുമിടയിൽ യാത്രാസമയം അഞ്ച് മണിക്കൂറിലധികം. ഇതിനിടെ കുറ്റിപ്പുറം കഴിഞ്ഞാൽ ചെന്നൈ സൂപ്പറിന് വഴിമാറാൻ പിടിച്ചിടും.
അതുവരെ ഈ ട്രെയിൻ കണ്ണൂരിൽ കിടക്കും. ആഴ്ചയിൽ ആറ് ദിവസമാണ് മലബാറിൽ മെമു സർവീസ്. പ്രയോജനപ്പെടാത്ത തരത്തിലാണ് മെമു ഉൾപ്പെടെ ട്രെയിനുകളുടെ സമയക്രമമെന്ന് യാത്രക്കാർ പറയുന്നു.
ഫറോക്കിൽ നിന്ന് കോഴിക്കോട്ടെത്താൻ എട്ട് മിനിറ്റ് മതി. എന്നാൽ 40 മിനിറ്റ് വരെ അനുവദിച്ചിരിക്കുകയാണ് !. ട്രെയിനുകളുടെ സമയം നിശ്ചയിക്കുന്നതിലെ അശാസ്ത്രീയതയും യാത്രാപ്രശ്നം രൂക്ഷമാക്കുന്നു. ഓണത്തിരക്കായാൽ ട്രെയിനുകളിൽ കാലുകുത്താൻ ഇടമുണ്ടാകില്ല.
- വെളുക്കാൻ തേച്ചത് പാണ്ടായി
നേത്രാവതിയിലെയും നിസാമുദ്ദീനിലെയും തിരക്കൊഴിവാക്കാൻ ഉച്ചയ്ക്ക് 3.40ന് അനുവദിച്ച ഷൊർണൂർ - കണ്ണൂർ സ്പെഷൽ എക്സ്പ്രസ് (6031) ഷൊർണൂരിനും കോഴിക്കോടിനുമിടയിൽ 40 മിനിറ്റ് നേരത്തെയാക്കി. സ്ഥിരം യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടായി. ഈ ട്രെയിൻ പലപ്പോഴും കാലിയായി പോകുന്നു. ഇക്കാര്യം റെയിൽവേ അധികൃതരെയും എം.പിമാർ തുടങ്ങിയവരെയും അറിയിച്ചിട്ടും ഫലമില്ല. രാത്രി 10ന് മുമ്പ് എത്തിയിരുന്ന എക്സിക്യൂട്ടീവ് 11ന് ശേഷം കോഴിക്കോട്ടെത്താൻ തുടങ്ങി. ഞായറാഴ്ചയാണ് ടിക്കറ്റ് കൗണ്ടറിൽ ഏറ്റവുമധികം. പക്ഷേ, അന്ന് പ്രവർത്തിക്കുന്ന കൗണ്ടറുകൾ കുറവുമാണ്.
മലബാറിലാണ് യാത്രാ ദുരിതം കൂടുതൽ. ജനറൽ കോച്ചുകൾ കൂടുതൽ അനുവദിക്കണം.
എം.ഫിറോസ് ഫിസ,
ഓർഗനെെസിംഗ് സെക്രട്ടറി മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫയർ അസോ.