32 സ്‌കൂളുകളിൽ കൂടി ' ക്രിയേറ്റീവ് കോർണർ '
കോഴിക്കോട് : പഠനത്തോടൊപ്പം കുട്ടികളിലെ കലാവൈദഗ്ദ്ധ്യവും തൊഴിൽ നൈപുണ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി തുടക്കമിട്ട ക്രിയേറ്റീവ് കോർണർ കൂടുതൽ സ്‌കൂളുകളിലേക്ക്. സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചേർന്ന് ആരംഭിച്ച പദ്ധതിയ്ക്ക് സ്വീകാര്യത ലഭിച്ചതോടെയാണ് ജില്ലയിലെ 32 സ്കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നത്. ഒരു സ്‌കൂളിൽ 5.5 ലക്ഷം രൂപയാണ് എസ്.എസ്.കെ ഇതിനായി ചെലവിടുന്നത്. 5,6,7 ക്ലാസുകളിലെ കുട്ടികൾ ക്ലാസ് റൂമിൽ നിന്ന് നേടിയെടുത്ത ആശയങ്ങളും ഗവേഷണ മനോഭാവവും സംയോജിപ്പിച്ചുള്ള നൂതന കർമ പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. നിലവിൽ ജില്ലയിലെ 23 സർക്കാർ സ്‌കൂളുകളിലാണ് ക്രിയേറ്റീവ് കോർണറുകളുള്ളത്.
ക്രിയേറ്റീവ് കോർണർ ആരംഭിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കുസാറ്റിലെ പരിശോധനാ സംഘം സന്ദർശനം നടത്തും. ഡോ.എ.കെ അബ്ദുൽ ഹക്കീം, ജില്ലാ കോ ഓർഡിനേറ്റർ, സമഗ്രശിക്ഷാ കേരളം
തൊഴിൽ പരിശീലനത്തിന് പ്രാധാന്യം
കൃഷി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽസ്, പ്ലംബിംഗ്, ഫാഷൻ ഡിസൈനിംഗ്, പാചകം, മരപ്പണി എന്നീ ഏഴ് മേഖലകളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഇതിനായി അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സിലബസിലുള്ള തൊഴിൽ ഭാഗങ്ങളെ പ്രവൃത്തിയിലൂടെ പരിചയപ്പെടുത്താൻ ഇതുവഴി സാധിക്കുന്നു. ഗണിതം, അടിസ്ഥാനശാസ്ത്രം, സാമൂഹിക ശാസ്ത്രം വിഷയങ്ങളിലും പ്രവൃത്തി പരിചയത്തിലുമുള്ള ആശയങ്ങളും വിവിധ തൊഴിൽ മേഖലകളിലെ സാദ്ധ്യതകളും ക്രിയേറ്റീവ് കോർണറിലൂടെ മനസിലാക്കാം.