ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ലോഫ്ളോർ ബസിന് തീപിടിച്ചു
Tuesday 19 August 2025 10:07 PM IST
തിരുവനന്തപുരം: ദേശീയപാതയിൽ ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ലോഫ്ളോർ എസി ബസിന് തീപിടിച്ചു. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ബസ് എത്തിയപ്പോഴാണ് ഉള്ളിൽനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പരിഭ്രാന്തരായ യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ഉടൻ തന്നെ ബസ് നിർത്തി.
ബസിലെ മൊബൈൽ ചാർജിംഗ് സോക്കറ്റിൽ നിന്നുമാണ് തീപിടിച്ചതെന്നാണ് വിവരം. വളരെ വേഗം തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല. എന്നാൽ യാത്രക്കാരിൽ ചിലരുടെ ബാഗുകളിൽ തീപിടിച്ചതായാണ് സൂചന.
തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേയ്ക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്നു ബസിൽ വൈകിട്ട് 3.15 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ തുടർന്ന് അൽപനേരം ദേശീയപാതയിൽ ഗതാഗതകുരുക്ക് രൂപപ്പെട്ടു.