വേടന്റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി........ ബ്രേക്കപ്പ് ആയാൽ ശാരീരിക ബന്ധം ബലാത്സംഗമാകുമോ?
കൊച്ചി: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. വേടന്റെ
മുൻകൂർ ജാമ്യഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിൽ ഇന്നും വാദം തുടരും. വേടനെതിരെ മറ്റു രണ്ട് യുവതികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയ കാര്യം വനിതാ ഡോക്ടറുടെ അഭിഭാഷക ഉന്നയിച്ചു.
എന്നാൽ, പരാതിക്കാരി സ്വന്തം കേസിന്റെ കാര്യമാണ് വാദിക്കേണ്ടതെന്ന് കോടതി വാക്കാൽ പറഞ്ഞു. കോടതി മുമ്പാകെ വന്ന രേഖകളുടെ അടിസ്ഥാനത്തിലാകും തീരുമാനം. ഓരോ പരാതിയിലും സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. ബ്രേക്കപ്പ് ഉണ്ടായെന്നതിനാൽ, ശാരീരിക ബന്ധത്തെ ബലാത്സംഗമെന്ന് മാറ്റിപ്പറയാനാകുമോയെന്നും കോടതി ചോദിച്ചു.
വേടൻ സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്ന വാദം ഹർജിക്കാരി ആവർത്തിച്ചു. മുമ്പ് മീ ടൂ ആരോപണങ്ങൾ ഉയർന്നപ്പോൾ സോഷ്യൽ മീഡിയയിൽ സ്ത്രീ സമൂഹത്തോട് വേടൻ പരസ്യമായി ക്ഷമാപണം നടത്തിയതാണ്. സ്ത്രീയെ സ്വന്തം സംതൃപ്തിക്കുള്ള ഉപകരണം മാത്രമായാണ് വേടൻ കാണുന്നത്. മറ്റു സ്ത്രീകളുമായി ഇടപഴകാൻ അനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് വേടൻ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയത്. മറ്റ് യുവതികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് ഗൗരവമായി കാണണം. വേടൻ ഫാൻസിൽ നിന്ന് വധഭീഷണിയുണ്ടെന്നും പരാതിക്കാരി അറിയിച്ചു.
'മുഖ്യമന്ത്രിക്ക് എങ്ങനെ
ഇടപെടാനാകും'
പരാതിക്കാരി ഫേസ്ബുക്ക് പോസ്റ്റുകളും മാദ്ധ്യമ വാർത്തകളും ഹാജരാക്കിയാണ് പല വാദങ്ങളും ഉന്നയിക്കുന്നതെന്ന് ഹൈക്കോടതി. ഇവ ആധികാരിക രേഖയല്ല. സമൂഹമാദ്ധ്യമ പോസ്റ്റുകൾ ആർക്കും സൃഷ്ടിക്കാം. മറ്റ് യുവതികൾ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ. മുഖ്യമന്ത്രിക്ക് ക്രിമിനൽ പ്രോസിക്യൂഷനിൽ എങ്ങനെയാണ് ഇടപെടാനാവുകയെന്നും കോടതി ചോദിച്ചു.