പെരുന്തേനരുവി, കുടമുരുട്ടി മേഖലകളിൽ കാട്ടാനശല്യം രൂക്ഷം; നാട്ടുകാർ ഭീതിയിൽ

Wednesday 20 August 2025 12:36 AM IST

റാന്നി : ജനത്തി​ന്റെ ഉറക്കംകെടുത്തി​ കുടമുരുട്ടി, പെരുന്തേനരുവി മേഖലകളിൽ കാട്ടാനകളുടെ അതി​ക്രമം തുടരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തുകയാണ്. കൃഷിയിടങ്ങളിൽ കയറി വാഴ, റബർ, തെങ്ങ് തുടങ്ങിയ വിളകൾ നശിപ്പിക്കുന്നത് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. വീടുകൾക്ക് സമീപം വരെ ആനകൾ എത്തുന്നത് ജനങ്ങളിൽ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. രാത്രിയി​ൽ പുറത്തിറങ്ങാൻ പോലും ജനം ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. വളർത്തുമൃഗങ്ങൾക്കും ഭീഷണിയുണ്ട്.

വേണം ഇടപെടൽ

കാട്ടാനശല്യം തടയുന്നതിൽ വനംവകുപ്പ് അലംഭാവം കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി​. പ്രദേശത്ത് കൂടുതൽ വനപാലകരുടെ സേവനം ഉറപ്പാക്കുക, ആനകളെ തുരത്താൻ ഫലപ്രദമായ മാർഗങ്ങൾ ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ അവർ ഉന്നയിക്കുന്നു. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ കർമ്മപദ്ധതിക്ക് രൂപം നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.

കൂടുതൽ ജനവാസമുള്ള കുടമുരുട്ടി മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് കൂടുതൽ ഭീഷണി ഉയർത്തുന്നു.

മനു, പ്രദേശവാസി