ട്രെയിനിലെ വാതിൽപ്പടി കവർച്ചാസംഘവും മൊബൈൽഷോപ്പ് മാനേജരും അറസ്റ്റിൽ
കൊച്ചി: ട്രെയിനിന്റെ വാതിൽപ്പടി യാത്രക്കാരനിൽ നിന്ന് 14കാരനും സംഘവും തട്ടിയെടുത്ത 80,000 രൂപയുടെ ഐ ഫോൺ കവർച്ചാസംഘം വിറ്റത് വെറും 5000 രൂപയ്ക്ക്. ഫോൺ വാങ്ങിയ മൊബൈൽകടയുടെ മാനേജരും മോഷ്ടാക്കളുമുൾപ്പെടെ നാലു പേരെയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളുരുത്തി മുണ്ടംവേലി മാനാശേരി പഴയാറ്റ്പറമ്പിൽ ഷൈൻ (18), കണ്ണൂർ തളിപ്പറമ്പ് വെള്ളാട് കൊല്ലേത്ത് വീട്ടിൽ അഭിഷേക് (26), കാസർകോഡ് തായലങ്ങാടി ജമീലാ മൻസിലിൽ മുഹമ്മദ് ഫൈസൽ (25) എന്നിവരും പ്രായപൂർത്തിയാകാത്ത 14 കാരനുമാണ് പിടിയിലായത്. തൃശൂർ ചേലക്കര അമ്പാടിനിവാസിൽ റെജിലിന്റെ (19) മൊബൈൽ ഫോണാണ് കവർന്നത്. കഴിഞ്ഞ 11ന് പകൽ 2ന് ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്ക് നേത്രാവതി എക്സ്പ്രസിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. ട്രെയിനിന്റെ പിന്നിലെ ജനറൽ കോച്ചിന്റെ വാതിൽപ്പടിയിലാണ് ഇരുന്നത്. ട്രെയിൻ ആലുവ പാലം കഴിഞ്ഞ് വേഗത കുറച്ച് നീങ്ങുന്നതിനിടെ പാളത്തിന് സമീപം നിന്ന ഷൈൻ റെജിലിന്റെ കൈയിലിരുന്ന മൊബൈൽ ഫോൺ അടിച്ചു വീഴ്ത്തി. ഒപ്പമുണ്ടായിരുന്ന 14കാരൻ മൊബൈൽ ഫോൺ കൈക്കലാക്കി കടന്നു. അഭിലാഷാണ് കലൂർ കറുകപ്പള്ളിയിലെ കടയിൽ ഫോൺ വിറ്റത്. 5000 രൂപയിൽ 1000 രൂപ കമ്മീഷൻ ഇനത്തിൽ എടുത്ത ശേഷം 4000 രൂപ പ്രതികൾക്ക് നൽകി. സി.സി ടിവി ദൃശ്യങ്ങളും ടവർലൊക്കേഷനും പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. അഭിഷേകും ഷൈനും മറ്റ് ക്രിമിനൽ കേസുകളിൽ പ്രതികളാണ്. റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ്, എസ്.ഐ ഇ.കെ.അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. വാതിൽപ്പടി യാത്രക്കാരെ കവർച്ച ചെയ്യുന്നതിന് ആലുവയിലും എറണാകുളത്തുമായി രണ്ടാഴ്ചയ്ക്കിടെ 13 പേരാണ് പിടിയിലാകുന്നത്.ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഒരാൾ ഒളിവിലാണ്.