അബാൻ മേൽപ്പാല നി​ർമ്മാണം, റിംഗ് റോഡ് അടയ്ക്കും, ഗതാഗതം സർവീസ് റോഡി​ലൂടെ

Wednesday 20 August 2025 12:55 AM IST

പത്തനംതിട്ട : അബാൻ മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി റിംഗ് റോഡി​ലെ ഗതാഗതത്തി​ന് നി​യന്ത്രണം. പകരം നഗരസഭാ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള സർവീസ് റോഡ് ഉപയോഗപ്പെടുത്തും. ഇതിന് മുന്നോടിയായി സർവീസ് റോഡ് കോൺക്രീറ്റ് ചെയ്തു. സ്റ്റാൻഡിന് മുമ്പിലുള്ള 200 മീറ്റർ റോഡാണ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി​യത്. കുഴിയും ചെളിയും നിറഞ്ഞ റോഡിലൂടെ വലിയ വാഹനങ്ങളടക്കം സഞ്ചരിക്കാറുണ്ടായിരുന്നു. ഇരുചക്രവാഹനക്കാർ കുഴിയിൽ വീണ് അപകടം പറ്റുന്നതും പതി​വായതോടെ പ്രതിഷേധത്തി​നും കാരണമായി​. ഈ ഭാഗമാണ് കോൺ​ക്രീറ്റ് ചെയ്ത് യാത്രായോഗ്യമാക്കി​യത്.

സ്പാൻ നിർമ്മാണം ഉടൻ

ഇരുപത് സ്പാനുകളാണ് അബാൻ മേൽപ്പാലത്തിന് ആകെയുള്ളത്. അവയിൽ പത്തെണ്ണം മാത്രമാണ് ഇതുവരെ നിർമ്മിച്ചത്. അവശേഷി​ക്കുന്നവയുടെ നിർമ്മാണത്തി​നാണ് അബാൻ ഭാഗത്തെ റിംഗ് റോഡ് അടച്ച് സ്റ്റാൻഡിന് മുമ്പിലുള്ള റോ‌ഡിലൂടെ ഗതാഗതം തിരിച്ചുവിടുന്നത്. സ്ഥലം ഏറ്റെടുക്കുന്നതി​ലെ കാലതാമസം നിർമ്മാണം നീളാൻ കാരണമായി​.

സ്പാൻ നിർമ്മാണത്തിന് മുന്നോടിയായാണ് സർവീസ് റോഡ് താൽക്കാലികമായി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഗതാഗതയോഗ്യമാക്കിയതിന് ശേഷം റിംഗ് റോഡ് അടയ്ക്കും.

പി.ഡബ്ല്യു.ഡി അധികൃതർ