കത്ത് വിവാദത്തിൽ പ്രതികരണം വേണ്ടെന്ന് പി.ബി
ന്യൂഡൽഹി: കത്ത് വിവാദത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന് പൊളിറ്റ് ബ്യൂറോയിൽ ധാരണ. കത്ത് ചോർന്നത് പാർട്ടിക്കുള്ളിൽ നിന്നല്ലെന്ന നിലപാടിലാണ് പി.ബി. കത്തു വിവാദവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് നിർദ്ദേശിച്ചത് പാർട്ടിയാണ്. അതിനാൽ വിഷയത്തിൽ പാർട്ടിയെ വെട്ടിലാക്കാനുള്ള നീക്കങ്ങൾ തന്ത്രപരമായി പ്രതിരോധിക്കും. വിവാദം അനാവശ്യമാണ്. കത്ത് പരാതിക്കാരൻ തന്നെ ചോർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പാർട്ടി വിലയിരുത്തൽ. യു.കെ വ്യവസായി രാജേഷ് കൃഷ്ണയുമായി ബന്ധപ്പെടുത്തി തന്നെയും മകൻ ശ്യാംജിത്തിനുമെതിരെ ഷർഷാദ് ഉന്നയിച്ച വിവാദം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പി.ബിയിൽ വിശദീകരിച്ചു.
രണ്ട് വ്യക്തികൾ തമ്മിലുള്ള തർക്കം: എം.വി. ജയരാജൻ
കണ്ണൂർ: കത്ത് വിവാദം രണ്ട് വ്യക്തികൾ തമ്മിലുള്ള തർക്കം മാത്രമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി.ജയരാജൻ. രാജേഷ് കൃഷ്ണയ്ക്കെതിരെ ഷെർഷാദും ഷെർഷാദിനെതിരെ അദ്ദേഹത്തിന്റെ മുൻ ഭാര്യയും പരാതി കൊടുത്തു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കേസുകൾ. വിഷയം പാർട്ടി പ്രശ്നമല്ലെന്നും രണ്ടാളുകൾ തമ്മിലുള്ള തർക്കമാണെന്നും ഇതിൽ നിന്ന് വ്യക്തമാണ്. ഷെർഷാദ് ആദ്യം മുൻ ഭാര്യക്ക് ജീവനാംശം നൽകുകയാണ് വേണ്ടത്. മാദ്ധ്യമങ്ങൾ ഇരുട്ടിൽ കരിമ്പൂച്ചയെ തിരയുകയാണ്.
സി.പി.എം നേതാക്കൾ ഒളിച്ചുകളിക്കുന്നു: വി.ഡി. സതീശൻ
കൊച്ചി: വിവാദമായ കത്തിൽ ആരോപണ വിധേയരായ സി.പി.എം നേതാക്കൾ മറുപടി പറയാതെ ഒളിച്ചു കളിക്കുന്നത് കത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മകനെതിരെ ആരോപണങ്ങൾ ഉയർന്നിട്ടും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി പറഞ്ഞിട്ടില്ല. ചെന്നൈയിൽ കമ്പനിയുണ്ടാക്കി വിദേശത്ത് നിന്ന് പണമെത്തിച്ച് നേതാക്കളുടെ അക്കൗണ്ടിലേക്ക് അയച്ചെന്നാണ് ആരോപണം. തോമസ് ഐസക് മാത്രമാണ് പ്രതികരിച്ചത്. രാജേഷ് കൃഷ്ണയെ അറിയില്ലെന്ന് ആരോപണവിധേയർ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ലണ്ടനിൽ 'മണിയടിക്കാൻ" പോയപ്പോഴും അയാൾ ഒപ്പമുണ്ടായിരുന്നു.