പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സ്, മീൻ വളരും, ടാങ്ക് നി​റയും

Wednesday 20 August 2025 12:59 AM IST

പത്തനംതിട്ട : ഉൽപാദനം കൂട്ടാൻ തയ്യാറെടുക്കുകയാണ് പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സ്. മീൻ കുഞ്ഞുങ്ങളെ വളർത്താനായി​ മൂന്ന് ടാങ്കുകളാണ് ഒരുങ്ങുന്നത്. ഇവയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഒരു കോടി രൂപയുടെ പദ്ധതിയാണിത്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം.

പദ്ധതി ഇങ്ങനെ

ഇരുപത് മീറ്റർ നീളത്തിലും പത്ത് മീറ്റർ വീതിയിലും ഒന്നരമീറ്റർ ഉയരത്തിലുമാണ് ടാങ്കുകൾ നിർമ്മിക്കുന്നത്. അഞ്ച് സെന്റിലാണ് നിർമ്മാണം നടക്കുന്നത്. നിലവിൽ പത്തുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സിൽ വി​രി​യി​ച്ച് വിതരണം ചെയ്യുന്നത്. എന്നാൽ പുതിയ ടാങ്കുകൾ കൂടി വരുമ്പോൾ അത് അഞ്ച് ലക്ഷം കൂടി വർദ്ധിക്കും. ഒരു മത്സ്യക്കുഞ്ഞി​ന് അഞ്ച് രൂപയാണ് വി​ല ഈടാക്കുന്നത്. ഗിഫ്റ്റ് തിലാപ്പിയ ആണ് ഇതിനായി ഉപയോഗിക്കുന്ന പ്രധാനമത്സ്യം. വർഷം അൻപത് ലക്ഷത്തോളം രൂപ ലാഭം നേടാൻ സഹായിക്കുന്ന പദ്ധതിയാണിത്.

ഒരു കോടി രൂപയുടെ പദ്ധതി,

പ്രതീക്ഷി​ക്കുന്നത് : വർഷം 50 ലക്ഷം വരെ ലാഭം

ടാങ്കുകളുടെ നിർമ്മാണം പൂർത്തിയായി. പ്ലംബിംഗ് ജോലികൾ പൂർത്തീകരിക്കാനുണ്ട്. ശേഷം ഉൽപാദനം ആരംഭിക്കും. വളരെ വേഗം പൂർത്തിയായ പദ്ധതിയാണിത്.

ഡോ. പി.എസ്.അനിത

ജില്ലാ ഫിഷറീസ് ഓഫീസർ