വി.സി: തർക്കം തുടർന്നാൽ സുപ്രീംകോടതി തീരുമാനിക്കും
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി.സിമാരെ നിയമിക്കാൻ സെർച്ച് കമ്മിറ്റി നൽകുന്ന പട്ടികയിൽ ഗവർണർ-സർക്കാർ തർക്കം തുടർന്നാൽ അന്തിമ തീരുമാനം സുപ്രീംകോടതി എടുക്കും. സർക്കാരിനെയും ഗവർണറെയും കേട്ടാകും തീരുമാനമെടുക്കുക. ബംഗാൾ മോഡലിൽ റിട്ട. സുപ്രീംകോടതി ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച സുപ്രീംകോടതി ഉത്തരവിലാണ് ഇക്കാര്യമുള്ളത്.
മെറിറ്റിന്റെ അടിസ്ഥാനത്തിൽ അല്ല, ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാകണം വി.സി നിയമനത്തിനുള്ള മൂന്നുപേരുടെ പാനൽ സെർച്ച് കമ്മിറ്റി മുഖ്യമന്ത്രിക്ക് കൈമാറേണ്ടത്. ഇതിൽ രണ്ടാഴ്ചയ്‌ക്കകം മുഖ്യമന്ത്രി തുടർനടപടിയെടുക്കണം. മുഖ്യമന്ത്രിക്ക് മുൻഗണനാക്രമത്തിൽ പേരുകൾ നിശ്ചയിച്ച് ഗവർണർക്ക് കൈമാറാം. സെർച്ച് കമ്മിറ്രി നൽകുന്ന ഏതെങ്കിലും പേരുകളിൽ മുഖ്യമന്ത്രിക്ക് എതിർപ്പുണ്ടെങ്കിൽ അതിനുള്ള കാരണം രേഖപ്പെടുത്തി ഫയൽ ചാൻസലർ കൂടിയായ ഗവർണർക്ക് നൽകണം.
മുഖ്യമന്ത്രി നൽകുന്ന പട്ടിക അതേപടി ഗവർണർ അംഗീകരിക്കുകയാണെങ്കിൽ ഒരാഴ്ചയ്‌ക്കകം വി.സിയെ നിയമിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനമിറക്കണം. തർക്കമുണ്ടെങ്കിൽ വിഷയം വീണ്ടും സുപ്രീകോടതിയിലേക്ക് പോകും.
വിയോജിപ്പ്
രേഖപ്പെടുത്തണം
സെർച്ച് കമ്മിറ്രി നൽകുന്ന പട്ടികയിലെ ഏതെങ്കിലും പേരുകളിൽ മുഖ്യമന്ത്രിയുടെ എതിർപ്പ് ഗവർണർക്ക് സ്വീകാര്യമല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം. ഏതെങ്കിലും പേരുകളിൽ ഗവർണർക്ക് എതിർപ്പുണ്ടെങ്കിലും ആകാം. വിയോജിപ്പിന്റെ കാരണം ഗവർണർ ഫയലിൽ രേഖപ്പെടുത്തണം.
സെർച്ച് കമ്മിറ്റി അംഗങ്ങൾക്കായി
സർക്കാർ കൈമാറിയ പട്ടിക
സാങ്കേതിക സർവകലാശാല
1.പ്രൊഫ. രാംരാമസ്വാമി, മുൻ വി.സി, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി
2.നിലോയ് ഗാംഗുലി, പ്രൊഫസർ, ഐ.ഐ.ടി ഖരഗ്പൂർ
3.വി.എൻ. അച്യുത നായ്‌കൻ, പ്രൊഫസർ, ഐ.ഐ.ടി ഖരഗ്പൂർ
4.പ്രൊഫ.കെ.എൻ. മധുസൂദനൻ,കുസാറ്റ് മുൻ വി.സി
ഡിജിറ്റൽ സർവകലാശാല
1.ടി.ആർ. ഗോവിന്ദരാജൻ, വിസിറ്റിംഗ് പ്രൊഫസർ, മദ്രാസ് യൂണിവേഴ്സിറ്റി
2.ഡോ.എസ്. ചാറ്രർജി, റിട്ട.പ്രൊഫസർ,ഇന്ത്യൻ ഇൻസ്റ്റിറ്ര്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ്, ബെംഗളൂരു
3.ഡോ.സാബു തോമസ്, മുൻ വി.സി,എം.ജി സർവകലാശാല
4.ഡോ.ടി.ജയരാമൻ,ടിസ് മുൻ ഡയറക്‌ടർ
5.ഡോ. ഗംഗൻ പ്രതാപ്, കുസാറ്റ് മുൻ വി.സി
ഗവർണർ കൈമാറിയത്
(2 സർവകലാശാലകൾക്കുമായി ഒറ്രപ്പട്ടിക)
1.പ്രൊഫ.വി.കാമകോടി, ഡയറക്‌ടർ, ഐ.ഐ.ടി ചെന്നൈ
2.പ്രൊഫ.അഭയ് കരൺദികർ, സെക്രട്ടറി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്
3.പ്രൊഫ. ശിരീഷ് ബി.കെദാരേ, ഡയറക്‌ടർ, ഐ.ഐ.ടി ബോംബെ
4.പ്രൊഫ.അവിനാശ് കുമാർ അഗർവാൾ,ഡയറക്‌ടർ,ഐ.ഐ.ടി ജോധ്പൂർ
5.പ്രൊഫ.എസ്.മുകുൾ സുട്ടാവൻ,ഡയറക്‌ടർ,അലഹബാദ് ഇന്ത്യൻ ഇൻസ്റ്റിറ്ര്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി
6.പ്രൊഫ.പ്രശാന്ത് കൃഷ്‌ണ, ഡയറക്‌ടർ, എൻ.ഐ.ടി, കോഴിക്കോട്
7.ഡോ.ബിനോദ് കുമാർ കനൗജിയ,ഡയറക്‌ടർ, ബി.ആർ.അംബേദ്കർ നാഷണൽ ഇൻസ്റ്റിറ്ര്യൂട്ട് ഓഫ് ടെക്നോളജി, ജലന്ധർ
8.പ്രൊഫ.സച്ചിൻ മഹേശ്വരി, വി.സി, ഗുരു ജാംഭേശ്വർ യൂണിവേഴ്സിറ്റി,മൊറാദാബാദ്
വി.സി നിയമനം............ പുന:പരിശോധനാ ഹർജി നൽകാൻ ഗവർണറും യു.ജി.സിയും
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയെ ഒഴിവാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ ഗവർണറും യു.ജി.സിയും പുന:പരിശോധനാ ഹർജി നൽകും. അക്കാഡമിക് വിദഗ്ദ്ധനല്ലാത്ത റിട്ട. ജഡ്ജിയെ കമ്മിറ്റിയുടെ അദ്ധ്യക്ഷനാക്കിയതും വി.സി നിയമനത്തിൽ മുഖ്യമന്ത്രിക്ക് പ്രധാന റോൾ നൽകുന്നതും യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടും. ഹർജി നൽകുന്നതുമായി ബന്ധപ്പെട്ട് ഗവർണർ നിയമോപദേശം തേടി.
കേരളത്തിലെ വി.സി നിയമനരീതി രാജ്യമാകെ വ്യാപിക്കാനിടയുണ്ടെന്നും കോടതികൾ സെർച്ച് കമ്മിറ്റി രൂപീകരിക്കാനിടയുണ്ടെന്നും യു.ജി.സി ഹർജിയിൽ ചൂണ്ടിക്കാട്ടും. അക്കാഡമിക് വിദഗ്ദ്ധരല്ലാത്തവർ സെർച്ച് കമ്മിറ്റിയിലുണ്ടാവുന്നത് യു.ജി.സി ചട്ടങ്ങൾക്കെതിരാണ്. സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ.രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത് സെർച്ച് കമ്മിറ്റിയിൽ ചീഫ്സെക്രട്ടറി അംഗമായിരുന്നത് ചൂണ്ടിക്കാട്ടിയാണ്.
കേസിൽ കക്ഷിചേർക്കാതിരുന്നതിലും സെർച്ച്കമ്മിറ്റി രൂപീകരണത്തിൽ യു.ജി.സി ചട്ടങ്ങൾ പരിഗണിക്കാതിരുന്നതിലും ഹർജിയിൽ യു.ജി.സി എതിർപ്പറിയിക്കും. അക്കാഡമിക് വിദഗ്ദ്ധരുൾപ്പെട്ട സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ചാൻസലർ വി.സിയെ നിയമിക്കണമെന്നും സർക്കാരിന്റേതടക്കം ഒരു സമ്മർദ്ദത്തിനും വഴങ്ങരുതെന്നും കണ്ണൂർ വി.സി കേസിലടക്കം സുപ്രീംകോടതിയുടെ ഉത്തരവുകളുള്ളതാണെന്നും ചൂണ്ടിക്കാട്ടും.
വി.സി നിയമനം: വിജ്ഞാപനം ഉടനെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച്കമ്മിറ്റി വിജ്ഞാപനം ഉടനുണ്ടാവുമെന്ന് മന്ത്രി ആർ.ബിന്ദു. സുപ്രീംകോടതി ഉത്തരവനുസരിച്ച് സർക്കാരാണ് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്. സുപ്രീംകോടതി ഉത്തരവിന്റെ അന്തസത്ത ഉൾക്കൊള്ളാൻ ഗവർണർ തയ്യാറാവണം. സംസ്ഥാന സർക്കാരിനെ അവഗണിച്ച് വി.സി നിയമനത്തിൽ മുന്നോട്ടു പോകാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കാതെ മാർഗ്ഗമില്ല. മുഖ്യമന്ത്രിയുടെ അനുമതിയോടെയേ നിയമനം സാദ്ധ്യമാവൂ. അൽപ്പമെങ്കിലും ജനാധിപത്യ ബോധമുണ്ടെങ്കിൽ സുപ്രീംകോടതി ഉത്തരവ് മനസിലാക്കണം. തുടർന്നും അമിതാധികാരത്തിനും സ്വേച്ഛാധിപത്യത്തിനുമാണ് നീക്കമെങ്കിൽ മറ്റ് സർവകലാശാലകളിലെ വി.സി നിയമനവും ഇതേ രീതിയിലാവും.