മധുനിലാവിൽ ചെമ്മീൻ 60 പാട്ടിന്റെ മധുരം നുള്ളി പരീക്കുട്ടി ഉമ്മ നൽകി നിലമ്പൂർ ആയിഷ
തിരുവനന്തപുരം: മാനസമൈനേ വരൂ, മധുരം നുള്ളിത്തരൂ നിന്നരുമപ്പൂവാടിയിൽ നീ തേടുവതാരേ ആരെ..... 'ചെമ്മീൻ" സിനിമയ്ക്കുവേണ്ടി വയലാർ രാമവർമ്മ എഴുതിയ ഗാനം പാടുന്നത് അദ്ദേഹത്തിന്റെ പുത്രൻ വയലാർ ശരത്ചന്ദ്ര വർമ്മ. പാട്ടാസ്വദിക്കുന്നത് 'കറുത്തമ്മയുടെ പരീക്കുട്ടി". ചെമ്മീൻ സിനിമയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ചാണ് നടൻ മധുവിന്റെ വസതിയായ 'ശിവഭവനി"ൽ ഓർമ്മകൾ പങ്കിടാൻ ഒത്തുകൂടിയത്.
ചെമ്മീനിൽ അഭിനയിച്ച നിലമ്പൂർ ആയിഷയാണ് ആദ്യമെത്തിയത്. 'ഞാനൊരു ഉമ്മ തരട്ടെ" എന്നു പറഞ്ഞ് അവർ മധുവിന്റെ നെറ്റിയിൽ ഉമ്മ വച്ചു. പിന്നാലെ നടൻ സത്യന്റെ മകൻ സതീഷ് സത്യൻ, വയലാർ ശരത്ചന്ദ്ര വർമ്മ, പിന്നണി ഗായിക രാജലക്ഷ്മി... തുടങ്ങിയവരെത്തി.
നിലമ്പൂർ ആയിഷ 'പെണ്ണാളേ പെണ്ണാളേ കരിമീൻ കണ്ണാളേ..." എന്ന ഗാനം പാടി. പാട്ടുകൾ ഓരോന്നായി വരുന്നതിനിടയിൽ ശരത്ചന്ദ്ര വർമ്മ മധുവിനോടു ചോദിച്ചു 'സാറിനിഷ്ടപ്പെട്ട പാട്ട് ഏതാണ്?" ഒരു പാടുണ്ട്, പെട്ടെന്ന് പറഞ്ഞാൽ 'അല്ലിയാമ്പൽ"-
എല്ലാവരും അത് പാടിത്തുടങ്ങി: 1965ൽ റോസി സിനിമയ്ക്കുവേണ്ടി ജോബിന്റെ സംഗീതത്തിൽ യേശുദാസ് പാടിയ ഗാനം.
''അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം ...""
താളം പിടിച്ചും കൂടെ പാടിയും മധു ആസ്വദിക്കുകയാണ്. ആഘോഷം തുടരുന്നതിനിടയിൽ ചെമ്മീനിന്റെ നിർമ്മാതാവ് ബാബു സേട്ടിന്റെ മകൻ യഹിയ സേട്ടിന്റെ വക കേക്ക് എത്തി. സതീഷ് സത്യൻ, സിനിമയ്ക്ക് സംഭാഷണമെഴുതിയ എസ്.എൽ.പുരം സദാനന്ദന്റെ മകൻ ജയസോമ, ചെമ്പൻകുഞ്ഞിനെ അവിസ്മരണീയമാക്കിയ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൾ ശോഭ മോഹൻ തുടങ്ങിയവരൊക്കെ ചേർന്ന് മധുവിനെ ആദരിച്ചു.
രാമു കാര്യാട്ടിന്റെ സംവിധാനം, മാർക്കസ് ബർട്ലിയുടെ ക്യാമറ, സലിൽ ചൗധരിയുടെ സംഗീതം, ഋഷികേശ് മുഖർജിയുടെ എഡിറ്റിംഗ്... മലയാളം സിനിമയ്ക്ക് പുതുമയും വിസ്മയവും സമ്മാനിച്ച ചെമ്മീൻ പ്രസിഡന്റിന്റെ സുവർണകമലം നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ സിനിമയായി. 1966 ആഗസ്റ്റ് 19 ന് ഓണച്ചിത്രമായിട്ടാണ് തകഴിയുടെ 'ചെമ്മീൻ" സിനിമയായി തിയേറ്ററുകളിലെത്തിയത്.
വർഗീയ ലഹളയുണ്ടാകുമെന്ന് പേടിച്ചു; ചെമ്മീൻ ബോളിവുഡ് സിനിമയായില്ല പരീക്കുട്ടി നിരാശാകാമുകൻ അല്ല: മധു
കോവളം സതീഷ്കുമാർ
തകഴിയുടെ 'ചെമ്മീൻ' നോവൽ ഹിന്ദി സിനിമയാക്കുന്നതിനെക്കുറിച്ചാണ് ആദ്യം ആലോചന നടന്നതെന്നും. എന്നാൽ സിനിമയിറങ്ങിയാൽ ഹിന്ദു-മുസ്ലിം ലഹളയുണ്ടാകുമെന്ന് പേടിച്ച് അതുപേക്ഷിക്കുകയായിരുന്നുവെന്ന് നടൻ മധു. ''ബോളിവുഡ് നടനും നിർമ്മാതാവും സംവിധായകനുമൊക്കെയായ സുനിൽദത്താണ് സിനിമയാക്കാനായി നോവലിന്റെ അവകാശം വാങ്ങിയത്. അവർ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ കറുത്തമ്മയുടെ കാമുകനായി സുനിൽദത്ത് കടാപുറത്തുകൂടി പാട്ടും പാടി നടന്നേനേ...''- മധു ചിരിക്കുന്നു... ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വിസ്മയമായി മാറിയ ചെമ്മീൻ സിനിമയുടെ 60-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ 'കേരളകൗമുദി'യുമായി സംസാരിക്കുകയായിരുന്നു മധു.
സിനിമയിൽ പരീക്കുട്ടിയായി അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ? വലിയ സന്തോഷമായി. ഞാൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട പത്ത് സിനിമകൾ എടുത്താൽ ഒന്ന് ചെമ്മീനായിരിക്കും. എന്റെ ഉള്ളിലെ പരീക്കുട്ടിയാണ് ക്യാമറയ്ക്കു മുന്നിലെത്തിയത്. രണ്ടു ദിവസം മുമ്പ് ഷീല വിളിച്ചിരുന്നു. സംസാരിച്ചതേറെയും ചെമ്മീനിനെക്കുറിച്ചായിരുന്നു.
പരീക്കുട്ടി പിന്നീട് നിരാശാകാമുകന്മാരെ പ്രതിനിധീകരിക്കുന്ന ആളായി മാറിയിരുന്നു? പരീക്കുട്ടി നിരാശാകാമുകൻ അല്ല. അയാൾക്ക് കറുത്തമ്മയെ സ്നേഹിച്ചാൽ മാത്രം മതി.
മാനസ മൈനേ... എന്ന ഗാനം മന്നാഡെ പാടിയപ്പോൾ ഉച്ചാരണ ശുദ്ധിയില്ലാത്തതിനാൽ സാറിന് ആദ്യം ഇഷ്ടമായില്ല എന്ന കേട്ടിട്ടുണ്ട്? മാനസ മൈനേ വറൂ... എന്നായിരുന്നു ഗായകൻ പാടിയത്. ആദ്യം കേട്ടപ്പോൾ ഇത് ശരിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. സിനിമ ഇറങ്ങിയപ്പോഴാണ് പാട്ടിന്റെ ശക്തി സംഗീതത്തിലാണെന്ന് മനസിലായത്. മലയാളത്തിലെ മികച്ച പത്ത് പാട്ടുകളിലൊന്ന് ഇതായിരിക്കും. സംഗീതമൊരുക്കിയ സലിൻ ചൗധരിയുടെ കഴിവാണത്.
ദേശീയ അവാർഡിൽ പ്രസിഡന്റിന്റെ സ്വർണമെഡൽ ഉൾപ്പെടെയുളള അംഗീകാരങ്ങൾ ലഭിച്ചല്ലോ? തകഴിച്ചേട്ടൻ ചെമ്മീൻ എഴുതാൻ തീരുമാനിച്ച നിമിഷം തന്നെ ധന്യമാണ്. സിനിമ ഇറങ്ങുന്നതിനു മുമ്പു തന്നെ ലോകത്തിലെ മിക്കവാറും എല്ലാ ഭാഷയിലും നോവൽ വിവർത്തനം ചെയ്തിരുന്നു. പിന്നെ പടം ഇറങ്ങിയത് തന്നെ ഒരു ഇന്റർനാഷണൽ ഫിലിം എന്ന നിലയിലായിരുന്നു. ഇന്ത്യയിലെ മികച്ച ടെക്നീഷ്യൻസ് അണിയറയിലുണ്ടായിരുന്നു.