കെ.സി.എൽ ഓളം, നാളെ മുതൽ
തിരുവനന്തപുരം : തലസ്ഥാനത്തിന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് പുതിയ ചിറക് പകർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് നാളെ തുടക്കമാകും.സെപ്തംബർ ഏഴുവരെ നീളുന്ന ലീഗിൽ 17 മത്സര ദിവസങ്ങളിലായി 33 മത്സര്ളാണുള്ളത്. കഴിഞ്ഞ സീസണിലേതുപോലെ ആറു ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്.
അദാനി ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിൾസ്,കൊച്ചി ബ്ളൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റാൻസ്, കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് എന്നിവയാണ് ടീമുകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേയും ഐ.പി.എല്ലിലേയും കേരളത്തിന്റെ അഭിമാനം സഞ്ജു സാംസൺ ഇക്കുറി കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്നു എന്നതാണ് രണ്ടാം പതിപ്പിന്റെ മുഖ്യ ആകർഷണം. കൊച്ചി ബ്ളൂ ടൈഗേഴ്സ് ടീമിലാണ് സഞ്ജു കളിക്കുന്നത്. സഞ്ജുവിന്റെ ജേഷ്ഠൻ സലി സാംസണാണ് ഈ ടീമിന്റെ നായകൻ.
ആദ്യ സീസൺ കെ.സി.എല്ലിൽ നിന്ന് ഐ.പി.എല്ലിലേക്ക് ഉയർന്ന ചൈനാമാൻ സ്പിന്നർ വിഘ്നേഷ് പുത്തൂരും കേരളത്തെ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് നയിച്ച സച്ചിൻ ബേബിയും ആ യാത്രയിൽ ഒപ്പംനിന്ന് ഉൗർജ്ജം പകർന്ന സൽമാൻ നിസാറും വിഷ്ണു വിനോദും ജലജ് സക്സേനയും മുഹമ്മദ് അസ്ഹറുദ്ദീനുമൊക്കെ ഈ സീസണിലും കെ.സി.എല്ലിന് ആവേശം പകരാൻ ഉണ്ടാവും
ഫൈനൽ ഡേയിൽ ഒഴികെ ദിവസം രണ്ട് മത്സരങ്ങൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്സും റണ്ണേഴ്സ് അപ്പായ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസും തമ്മിലാണ് ആദ്യ പോരാട്ടം. നാളെ ഉച്ചയ്ക്ക് 2.30ന് ഈ മത്സരത്തോടെ ടൂർണമെന്റിന് തുടക്കമാകും. ഇതിന് ശേഷം ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾ നടക്കും. രാത്രി 7.45 നടക്കുന്ന രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രം റോയൽസും സഞ്ജു സാംസൺ കളിക്കുന്ന കൊച്ചി ബ്ളൂ ടൈഗേഴ്സും ഏറ്റുമുട്ടും.