റിട്ട. പൊലീസുകാരന്റെയും ഭാര്യയുടെയും പലിശഭീഷണി: വീട്ടമ്മ ജീവനൊടുക്കി
പറവൂർ: പലിശയുടെ പേരിൽ റിട്ട. പൊലീസുകാരന്റെയും ഭാര്യയുടെയും ഭീഷണിയിൽ മനംനൊന്ത് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സൗത്ത് പൊക്കത്ത് ക്ഷേത്രത്തിന് സമീപം പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശയാണ് (46) മരിച്ചത്. കോട്ടുവള്ളി സ്വദേശിയായ റിട്ട. പൊലീസ് ഡ്രൈവർ പ്രദീപ്കുമാറും ഭാര്യ ബിന്ദുവുമാണ് ആശയെ നിരന്തരം ഭീഷണിപ്പെടുത്തിയത്.
നാല് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഭീഷണിയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. കടംവാങ്ങിയ തുകയുടെ ഇരട്ടിയോളം കൊടുത്തിട്ടും പ്രദീപ്കുമാറും ബിന്ദുവും ഭീഷണിപ്പെടുത്തിയെന്നും മക്കളെ മോശക്കാരാക്കാൻ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ആത്മഹത്യാക്കുറിപ്പ് വീട്ടുകാർ പറവൂർ പൊലീസിന് കൈമാറി.
2022ൽ വീടുപണിക്കായി ബിന്ദുവിൽ നിന്ന് 10 ലക്ഷംരൂപ പലിശയ്ക്ക് ആശ വാങ്ങിയിരുന്നു. ഇരട്ടിത്തുക മടക്കി നൽകിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് കഴിഞ്ഞ 11ന് ആശ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മൂന്ന് ദിവസത്തെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ അന്നുതന്നെ പ്രദീപ്കുമാർ ഭാര്യയുമായെത്തി 18 ലക്ഷം തരാനുണ്ടെന്ന് മുദ്രപ്പത്രത്തിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു. ഇതിന് ആശ തയ്യാറായില്ല.
ഭീഷണി തുടർന്നതോടെ ആലുവ എസ്.പിക്ക് പരാതി നൽകിയിരുന്നു. സംഭവമന്വേഷിക്കാൻ പറവൂർ സർക്കിൾ ഇൻസ്‌പെക്ടർക്ക് എസ്.പി നിർദ്ദേശം നൽകി. തുടർന്ന് ഇരുകൂട്ടരെയും വിളിപ്പിച്ച പൊലീസ് തർക്കമുണ്ടെങ്കിൽ കോടതിയെ സമീപക്കാനും ആശയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും നിർദ്ദേശിച്ചു.
പ്രദീപും ബിന്ദുവും തിങ്കളാഴ്ചയും പ്രശ്നമുണ്ടാക്കി
എന്നാൽ തിങ്കളാഴ്ച രാത്രി എട്ടിന് പ്രദീപ്കുമാറും ബിന്ദുവും വീണ്ടും ആശയുടെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കി. ഹെൽപ്പ്ലൈൻ നമ്പറായ 112ൽ ആശ വിളിച്ചറിയിച്ചിട്ടും പൊലീസ് എത്തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ ഉച്ചയോടെ മകൾ മാത്രം വീട്ടിലുള്ളപ്പോഴാണ് ആശ പുറത്തുപോയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മകൾ സമീപത്തെ പുഴക്കടവിൽ എത്തിയപ്പോൾ ആശയുടെ ചെരുപ്പ് കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: ഗോഡ്സൺ (ടാറ്റാ മോട്ടോർസ്, ചേരാനല്ലൂർ), ജീവനി (വിദ്യാർത്ഥി).