ഉഷയുടെ വഴിയേ അനുജത്തിയുടെ മകളും
തിരുവനന്തപുരം : 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് മെഡലിന് അരികെവരെയെത്തിയ പി.ടി ഉഷയുടെ കുടുംബത്തിൽ നിന്ന് ഇതേയിനത്തിലേക്ക് ഒരു പെൺകുട്ടി. ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ പി.ടി സമൃദ്ധ, ഉഷയുടെ അനുജത്തി സുമയുടെ മകളാണ്. ആദ്യമായാണ് സ്റ്റേറ്റ് ജൂനിയർ മീറ്ററിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടുന്നത്.
ഏഴുവർഷമായി കോഴിക്കോട്ടെ പി.ടി ഉഷ സ്കൂളിൽ പരിശീലിക്കുകയാണ് . സബ് ജൂനിയർ തലത്തിൽ ഹർഡിൽസിൽ മത്സരിച്ചിരുന്നെങ്കിലും പിന്നീട് ഹെപ്റ്റാത്‌ലണിലേക്ക് വഴിമാറിയിരുന്നു. കഴിഞ്ഞ വർഷം മുതൽ 400 മീറ്റർ ഹർഡിൽസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മുഖ്യ കോച്ചായ ഉഷ വല്യമ്മയാണ് നിർദ്ദേശം നൽകിയതെന്ന് സമൃദ്ധ പറഞ്ഞു. കഴിഞ്ഞ തവണ ജൂനിയർ മീറ്ററിൽ വെള്ളി നേടിയിരുന്നു. ദേശീയ തലത്തിൽ മെഡൽ നേടാനും പി.ടി ഉഷയുടെ പേര് കളയാതിരിക്കാനുമാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. പി.ടി ഉഷയെപ്പോലെ ഒളിമ്പിക്സിൽ മത്സരിക്കാനും ആഗ്രഹമുണ്ട്.