മമ്മൂട്ടിക്കായുള്ള പ്രാർത്ഥനകൾ സഫലം, ദി കിംഗ് വീണ്ടും അമരത്തേക്ക്
കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സമ്പൂർണ രോഗമുക്തനായി പിറന്നാൾ ദിനമായ സെപ്‌തംബർ ഏഴിന് പൊതുവേദിയിൽ എത്തും. ഒരു മാസത്തിനുശേഷം അഭിനയത്തിലേക്കും തിരിച്ചെത്തും. രോഗമുക്തനായ വിവരം പേഴ്സണൽ മേക്കപ്പ്‌മാനും മമ്മൂട്ടി കമ്പനി മാനേജിംഗ് ഡയറക്‌ടറുമായ എസ്. ജോർജ്, അടുത്ത സുഹൃത്തും നിർമ്മാതാവുമായ ആന്റോ ജോസഫ് എന്നിവരാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. മമ്മൂട്ടിക്കു ഉമ്മ നൽകുന്ന ചിത്രം നടൻ മോഹൻലാൽ ലൗ ഇമോജിയോടെ ഫേസ്ബുക്കിൽ പങ്കിട്ടു.
ഏഴുമാസമായി ചികിത്സയിലും വിശ്രമത്തിലുമാണ് മമ്മൂട്ടി. അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ. ശരീരത്തിൽ നേരിയതോതിലെങ്കിലും രോഗബാധ അവശേഷിക്കുന്നുണ്ടോയെന്ന് അറിയാനുള്ള പെറ്റ് സ്‌കാനുൾപ്പെടെയുള്ള ആധുനിക പരിശോധനാ ഫലങ്ങളെല്ലാം അനുകൂലമാണ്. ഇന്നലെ എൻഡോസ്കോപ്പി ഫലംകൂടി വന്നതോടെ എല്ലാം ഭേദമായെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. വൻകുടൽ അവസാനിക്കുന്ന ഭാഗത്താണ് രോഗ ലക്ഷണം കണ്ടത്. വേഗത്തിൽ തിരിച്ചറിഞ്ഞ് ചികിത്സിക്കാനായത് രോഗം ഭേദമാകാൻ എളുപ്പമായി. ചെന്നൈയിലെ വസതിയിലുള്ള മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു.
നടിമാരായ മഞ്ജു വാര്യർ, മാല പാർവതി, സംവിധായകരായ സിബി മലയിൽ, ജൂഡ് ആന്റണി ജോസഫ്, നടൻ രമേഷ് പിഷാരടി തുടങ്ങി നിരവധി സിനിമാപ്രവർത്തകർ സന്തോഷം പങ്കിട്ട് പോസ്റ്റുകൾ പങ്കുവച്ചു. ആയിരക്കണക്കിന് ആരാധകർ പോസ്റ്റിന് കമന്റ് അറിയിച്ചു. മമ്മൂട്ടി സുഖം പ്രാപിച്ചെന്നും ഏഴിന് വലിയ പ്രഖ്യാപനമുണ്ടാകുമെന്നും മരുമകൻ അഷ്‌കർ സൗദാൻ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു.
കളങ്കാവൽ അടുത്ത സിനിമ
നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ" ആണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനുള്ള സിനിമ. ഇതിലെ ഡബ്ബിംഗാകും ആദ്യം ചെയ്യുക. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും. തുടർന്ന് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും ആദ്യം അഭിനയിക്കുക. മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയാണിത്. കുറെ ഭാഗങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള മറ്റു പ്രൊജക്ടുകൾ അണിയറയിലുണ്ട്. വിശ്രമിക്കുമ്പോഴും മമ്മൂട്ടി കഥ കേൾക്കുകയും പ്രോജക്ടുകളെക്കുറിച്ച് ഫോണിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു.
'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥന ഫലംകണ്ടു. ദൈവമേ നന്ദി, നന്ദി, നന്ദി".
- ആന്റോ ജോസഫ്, നിർമ്മാതാവ്
'സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ലെന്നു പറഞ്ഞ് ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ, നന്ദി".
- എസ്. ജോർജ്, സന്തതസഹചാരി