ശാകുന്തളം അരങ്ങിൽ, തിരശീല ഉയർത്തി കാളിദാസ കലാകേന്ദ്രം

Wednesday 20 August 2025 12:16 AM IST

കൊല്ലം: നാടകാചാര്യൻ ഒ. മാധവന്റെ സ്മരണയിൽ കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തിൽ വീണ്ടും അരങ്ങുണർന്നു. അദ്ദേഹത്തി​ന്റെ നേതൃത്വത്തിൽ പിറന്ന, കാളിദാസ കലാകേന്ദ്രം ഒ.മാധവന്റെ ചരമദിനമായ ഇന്നലെ സോപാനം ഓഡിറ്റോറിയത്തിലാണ് 62​-ാമത് നാടകമായി ശാകുന്തളം അവതരിപ്പിച്ചത്. 64 വർഷത്തിനിടെ ആദ്യമായി ഒരു കാളിദാസ നാടകം അരങ്ങിൽ അവതരിപ്പിച്ചു എന്ന പ്രത്യേകതയും ശാകുന്തളത്തിന് സ്വന്തം.

ജി.ദേവരാജൻ ഈണമിട്ട് ഒ.എൻ.വി കുറുപ്പ് എഴുതിയ 'വരിക ഗന്ധർവ ഗായകാ, വീണ്ടും ' എന്ന അവതരണ ഗാനത്തോടെയാണ് നാടകം ആരംഭിക്കുന്നത്. കാലത്തിനനുസൃതമായ മാറ്റങ്ങളോടെ, ശക്തരായ സ്ത്രീകളായാണ് രചന നിർവഹിച്ച ജയൻ തിരുമന ശകുന്തള ഉൾപ്പെടെയുള്ള സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. ഓരോ കഥാസന്ദർഭങ്ങളെയും ഇരു കൈയും നീട്ടി നാടകപ്രേമികൾ സ്വീകരിച്ചു. ചരിത്രം ആരംഭിച്ചകാലം മുതൽ മണ്ണിനെയും പെണ്ണിനെയും അടക്കിനിറുത്തിയ ആണധികാരത്തിനെതിരെ അതിശക്തമായി ശകുന്തളയും നാടകത്തിലെ ഓരോ സ്ത്രീ കഥാപാത്രങ്ങളും പ്രതികരിക്കുന്നു. നർത്തകിയായി മാത്രം അവതരിപ്പിക്കപ്പെട്ടിരുന്ന മേനക ശക്തമായ കഥാപാത്രമായി ശാകുന്തളത്തിൽ എത്തുന്നു, ദേവരാജാവിനെ പോലും ചോദ്യം ചെയ്യുന്നു.

ഇ.എ.രാജേന്ദ്രനാണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. വയലാർ രാമവർമ്മയുടെയും വിഭു പിരപ്പൻകോടിന്റെയുമാണ് ഗാനങ്ങൾ. പരവൂർ ദേവരാജൻ സംഗീതവും ഉദയകുമാർ അഞ്ചൽ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. കോസ്റ്റ്യൂം കൊറിയോഗ്രഫി സന്ധ്യ രാജേന്ദ്രൻ, ലൈറ്റും സെറ്റ് ഡിസൈനും ഡോ.സാംകുട്ടി പട്ടംകരി.

കാളിദാസന്റെ നാടകം ഒരിക്കലെങ്കിലും അരങ്ങിൽ അവതരിപ്പിക്കണമെന്നുള്ളത് അച്ഛൻ ഒ.മാധവന്റെ ആഗ്രഹമായിരുന്നു. അത് ഇപ്പോഴാണ് സാധിച്ചത്.

സന്ധ്യ രാജേന്ദ്രൻ