മുക്കാൽ മണിക്കൂർ കടയ്ക്കൽ ടൗൺ പടക്കളം

Wednesday 20 August 2025 12:16 AM IST

കൊല്ലം: സി.പി.എം- കോൺഗ്രസ് ഏറ്റുമുട്ടലിൽ ഇന്നലെ വൈകിട്ട് ആറര മുതൽ ഏഴേകാൽ വരെ മുക്കാൽ മണിക്കൂറോളം കടയ്ക്കൽ ടൗൺ പടക്കളമായി മാറി. പെട്ടെന്ന് സംഘർഷം ഉണ്ടായതോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെത്തിയ നൂറുകണക്കിന് പേർ ആവശ്യങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് റൂറൽ പൊലീസ് പരിധിയിലെ അഞ്ച് സി.ഐമാരുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാരെ കോൺഗ്രസ് മാർച്ചിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നിന്ന് കോൺഗ്രസ് പ്രകടനം ആരംഭിച്ചപ്പോൾ തന്നെ ഇരുവിഭാഗവും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. എന്നാൽ പ്രതിഷേധം അവസാനിക്കുന്നതിന് തൊട്ടുമുമ്പുണ്ടായ പോർവിളികൾ പെട്ടെന്ന് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷം കമ്പുകളും തടികക്ഷ്ണങ്ങളും കൊണ്ടുള്ള ആക്രമണത്തിലേക്ക് നീങ്ങിയതോടെയാണ് പൊലീസ് ലാത്തിവീശിയത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ ജംഗ്ഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയവർക്കും വീണ് പരിക്കേറ്റു.

ലാത്തിച്ചാർജ്ജിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞുപോയെങ്കിലും സി.പി.എം പ്രവർത്തകർ മടങ്ങിയെത്തി ബസ് സ്റ്റാൻഡിന് സമീപത്തെ കോൺഗ്രസ് പ്രവർത്തകന്റെ ബേക്കറിയും തൊട്ടടുത്തുള്ള കോൺഗ്രസ് ഓഫീസും ആക്രമിക്കുകയായിരുന്നു.

നവമാദ്ധ്യമങ്ങളിലും പോർവിളി

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ പ്രദേശത്തെ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും പോഷക സംഘടനാ പ്രവർത്തകർ തമ്മിൽ നവമാദ്ധ്യമങ്ങളിലൂടെ പോർവിളി നടത്തിയിരുന്നു. ഇന്നലത്തെ സംഘർഷത്തിന് ശേഷവും നവമാദ്ധ്യമങ്ങളിൽ പരസ്പരമുള്ള വെല്ലുവിളി തുടരുകയാണ്.

പൊലീസ് വീഴ്ച

കോൺഗ്രസിന്റെ പ്രതിഷേധ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപം സംഘടിച്ച് നിന്ന സി.പി.എം പ്രവർത്തകരെ പൊലീസ് നീക്കാഞ്ഞതാണ് സംഘർഷത്തിന്റെ കാരണമെന്ന് ആരോപണമുണ്ട്. പ്രതിഷേധ യോഗം നടക്കുന്നതിനിടെ പരസ്പരം കൂക്കിവിളികൾ ഉണ്ടായിട്ടും പൊലീസ് കാര്യമായി ഇടപെട്ടിരുന്നില്ല.