വളർന്നത് കലയുടെ ചോറുണ്ട്: ഉർവശി
കൊല്ലം: നാടകത്തിന്റെയും നൃത്തത്തിന്റെയും ചോറുണ്ടാണ് താൻ വളർന്നതെന്ന് ചലച്ചിത്ര താരം ഉർവശി. ഒ.മാധവൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ഒ.മാധവൻ ഫൗണ്ടേഷൻ അവാർഡ് സമർപ്പണവും കാളിദാസ കലാകേന്ദ്രത്തിന്റെ 62-ാമത് നാടകമായ ശാകുന്തളത്തിന്റെ ആദ്യ പ്രദർശനവും കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഒ.മാധവൻ ഫൗണ്ടേഷൻ ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷനായി. ചലച്ചിത്ര താരം ബോബി കുര്യൻ മുഖ്യതിഥിയായി. സൂര്യ കൃഷ്ണമൂർത്തി, കെ.പി.എ.സി ലീല എന്നിവർക്ക് ഉർവശി പുരസ്കാരം സമ്മാനിച്ചു. സിനിമ രംഗത്തുള്ളവർക്ക് വൻതുക പുരസ്കാരത്തിനൊപ്പം നൽകുമ്പോൾ നാടകരംഗത്ത് പ്രവർത്തിക്കുന്നവർക്ക് തുച്ഛമായ തുകയാണ് നൽകുന്നതെന്ന് സൂര്യ കൃഷ്ണമൂർത്തി മറുപടി പ്രസംഗത്തിൽ പറഞ്ഞു. താൻ അവാർഡിനൊപ്പം പ്രതിഫലം സ്വീകരിക്കാറില്ലെന്ന് പറഞ്ഞ അദ്ദേഹം പുരസ്കാര തുക കൊല്ലത്തെ നാടക പ്രവർത്തനങ്ങൾക്കായി നൽകി.
കൊല്ലം മാസിന് വേണ്ടി പ്രസിഡന്റ് എക്സ്.ഏണസ്റ്റ് വിജയകുമാരി ഒ.മാധവനെ ആദരിച്ചു. ബോബി കുര്യൻ, ജീവനം പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.ആർ.അരുൺ ബാബു, കാളിദാസ കലാകേന്ദ്രം ചെയർമാൻ ഇ.എ.രാജേന്ദ്രൻ, കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് പ്രതാപ് ആർ.നായർ, സെക്രട്ടറി പ്രദീപ് ആശ്രാമം എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സുജിലി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ജയശ്രീ ശ്യാംലാലിന്റെ ' മഹാഭാരതത്തിലൂടെ ഒരു യാത്ര' എന്ന പുസ്തകം ഉർവശിക്ക് നൽകി പ്രകാശനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ, മാസ് പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ചലച്ചിത്ര നടൻ കൊല്ലം തുളസി, സന്ധ്യ രാജേന്ദ്രൻ, ഉദയകുമാർ അഞ്ചൽ തുടങ്ങിയവർ പങ്കെടുത്തു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.മുകേഷ് എം.എൽ.എ സ്വാഗതവും ഫൗണ്ടേഷൻ വൈസ് ചെയർമാൻ ആർ.റോണാക്ക് നന്ദിയും പറഞ്ഞു.