തൃത്താലയിൽ ഓണം കാർഷികോത്സവം
തൃത്താല: മണ്ഡലത്തിലെ ഓണം ജനകീയ കാർഷികോത്സവം സെപ്തംബർ ഒന്ന് മുതൽ മൂന്ന് വരെ നടക്കും. മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് മന്ത്രി എം.ബി.രാജേഷ് നടപ്പാക്കുന്ന സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായാണ് കാർഷികോത്സവം സംഘടിപ്പിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ള കാർഷിക വിളവെടുപ്പ് ഉത്സവമാക്കുന്നതിനും സുസ്ഥിര തൃത്താലയുടെ ഭാഗമായി ഓണം ലക്ഷ്യം വച്ച് ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുകയുമാണ് കാർഷികോത്സവത്തിന്റെ ലക്ഷ്യം. കൂടാതെ ഓണക്കിറ്റ് പദ്ധതിയും കാർണിവലിന്റെ ഭാഗമായി ഉണ്ടാകും. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വിവിധ കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പാടശേഖര സമിതികൾ, ക്ലബുകൾ, സന്നദ്ധസാമൂഹിക സംഘടനകൾ തുടങ്ങിയവയുടെ പിന്തുണയോടുകൂടിയാണ് കാർഷികോത്സവം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രദർശന വിപണനമേള, കാർഷിക പ്രദർശനം, കാർഷിക സംരംഭകരുടെയും പ്രൊഫഷണലുകളുടെയും സംഗമം, കാർഷിക സാഹിത്യോത്സവം, പുസ്തകോത്സവം, കാർഷിക സെമിനാറുകൾ സംവാദങ്ങൾ, പ്രാദേശിക കാർഷിക തനത് സാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
160 ഏക്കറിൽ പച്ചക്കറി
ഓണവിപണി ലക്ഷ്യമിട്ട് 160 ഏക്കർ സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയും കിഴങ്ങു വിളകളും പൂക്കളുമെല്ലാം ഓണ വിപണിക്ക് തയ്യാറായി. കർഷകരിൽ നിന്ന് 20 ശതമാനം അധിക വിലയ്ക്ക് പച്ചക്കറികൾ സംഭരിച്ച് 30 ശതമാനം കുറഞ്ഞ വിലയ്ക്ക് വിപണനം നടത്തുമെന്നതാണ് കാർഷികോത്സവത്തിന്റെ പ്രത്യേകത. പൊതുജനങ്ങൾക്ക് വിഷരഹിത പച്ചക്കറി വിലക്കുറവിൽ ലഭ്യമാക്കാൻ ഇത് സഹായിക്കും. മണ്ഡലത്തിലെ എല്ലാ തരിശു ഭൂമിയെയും കൃഷിയോഗ്യമാക്കി തൃത്താലയിലെ ജനങ്ങൾക്ക് ആവശ്യമായ പച്ചക്കറി കൃഷിചെയ്യാനും പച്ചക്കറിക്കൃഷിയിൽ സ്വയം പര്യാപ്തത നേടാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓണത്തിനാവശ്യമായ പച്ചക്കറികൾക്കൊപ്പം ശർക്കര വരട്ടി , കായവറുത്തത്,പപ്പടം,പായസം എന്നിവയും മിതമായ നിരക്കിൽ ഓണക്കിറ്റ് വഴി തയ്യാറാക്കി നൽകും.കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് വിഭവങ്ങൾ തയ്യാറാക്കുക. മത്സ്യ കൃഷി വിപണവും കാർഷികോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.