കുഴിയിലൂടെ യാത്രയ്ക്ക് ടോൾ പിരിക്കേണ്ട: പാലിയേക്കരയിൽ സുപ്രീംകോടതി

Wednesday 20 August 2025 1:17 AM IST

ന്യൂഡൽഹി: തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീംകോടതി, കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്രയ്ക്ക് ടോൾ പിരിക്കേണ്ടെന്ന് വ്യക്തമാക്കി. ദേശീയപാത അതോറിട്ടിയുടെയും (എൻ.എച്ച്.എ.ഐ) ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും ഹർജികൾ വിമർശനത്തോടെ തള്ളി. ടോൾപിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ആഗസ്റ്റ് ആറിലെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, മലയാളി ജഡ്‌ജി കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഗതാഗതക്കുരുക്ക് ഒഴിവാക്കി വാഹനയാത്ര സുഗമമാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തുടർന്നും ഇടപെടണമെന്നും മേൽനോട്ടം വഹിക്കണമെന്നും നിർദ്ദേശിച്ചു. കാര്യക്ഷമത ഇല്ലായ്‌മയുടെ പ്രതീകമാണ് റോഡിലെ ഗർത്തങ്ങളും കുഴികളും. അതിന് ജനം ടോൾ നൽകേണ്ടതില്ല. വാഹന നികുതി അടയ്‌ക്കുന്ന പൗരന്മാർക്ക് റോഡിലൂടെ സഞ്ചരിക്കാൻ സ്വാതന്ത്ര്യം അനുവദിക്കണം. കുപ്പിക്കഴുത്ത് പോലുള്ള അഞ്ച് ഇടങ്ങളിലെ രൂക്ഷമായ ഗതാഗത കുരുക്ക് കാരണം മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള 65 കിലോമീറ്റർ കടക്കാൻ മണിക്കൂറുകൾ എടുക്കുന്നു. ഇങ്ങനെ ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന പൗരന്റെ ദുരവസ്ഥ, പിരിമുറുക്കം എന്നിവയിലാണ് കോടതിക്ക് ആശങ്ക. അതുപോലെ ഇന്ധനം കത്തിതീരുന്നതിലും. റോഡ് നിർമ്മാണത്തിനും അറ്റകുറ്രപ്പണികൾക്കുമായി ചെലവാക്കുന്നതിനേക്കാൾ തുക ടോളായി പിരിച്ചെടുക്കുന്നു എന്നുള്ളത് തമാശയായി മാറുന്ന സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.

കരാർ കമ്പനിയെ കക്ഷിയാക്കണം കുപ്പിക്കഴുത്ത് പോലുള്ള അഞ്ചു ഭാഗങ്ങളിലെ നിർമ്മാണക്കരാ‌ർ ഏറ്റെടുത്തിരിക്കുന്ന തമിഴ്നാട് നാമക്കലിലെ പി.എസ്.ടി എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻസ് കമ്പനിയെ കേസിൽ കക്ഷിയാക്കണമെന്ന് ഹൈക്കോടതിയോട് നിർദ്ദേശിച്ചു

ഈ കമ്പനിയെയാണ് ദേശീയപാത അതോറിട്ടിയും ടോൾ കമ്പനിയും പഴി ചാരുന്നത്. അവർ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ കക്ഷിയല്ലാത്തതിനാൽ പരാമർശം നടത്തുന്നില്ല

വരുമാന നഷ്‌ടം ടോൾ കമ്പനിക്ക് ദേശീയപാത അതോറിട്ടിയിൽ നിന്ന് ഈടാക്കുകയോ, ടോൾ പിരിവിന്റെ കാലാവധി നീട്ടി വാങ്ങുകയോ ചെയ്യാം