ബിയർ കുപ്പിക്കടിച്ച പ്രതികൾ ഒളിവിൽ

Wednesday 20 August 2025 12:21 AM IST

കൊല്ലം: ബിവറേജസ് ജീവനക്കാരനെ ബിയർ കുപ്പിക്ക് അടിച്ച് പരിക്കേൽപ്പിച്ച പ്രതികൾ ഒളിവിൽ. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. എം.സി റോഡരികിലായി കൊട്ടാരക്കര കരിക്കത്ത് പ്രവർത്തിക്കുന്ന മദ്യവില്പനശാലയുടെ പ്രീമിയം കൗണ്ടറിലെ ബില്ലിംഗ് സ്റ്റാഫ് പെരുംകുളം വിളികേൾക്കുംപാറ ദിയ ഭവനിൽ ബേസിലിനാണ് (49) പരിക്കേറ്റത്. പ്രതികളുടെ മുഖം വ്യക്തമാകുന്ന സി.സി ടി.വി ദൃശ്യങ്ങളുണ്ടായിട്ടും പൊലീസ് ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്നാണ് ആക്ഷേപം. വെട്ടിക്കവല മുട്ടവിള സ്വദേശികളായ രഞ്ജിത്തും ജാക്സണുമാണ് ആക്രമണം നടത്തിയത്. പ്രതികൾ കേരളം വിട്ട് പുറത്ത് പോയിട്ടില്ലെന്നും ഉടൻ പിടിയിലാകുമെന്നും സി.ഐ ജയകൃഷ്ണൻ പറഞ്ഞു.