ലോട്ടറിയുടെ കാര്യത്തില്‍ കേരളത്തിന് ആശങ്ക; കാരണം കേന്ദ്ര സര്‍ക്കാരിന്റെ ആ തീരുമാനം

Wednesday 20 August 2025 12:22 AM IST

ലോട്ടറികളുടെ നികുതി 40 ശതമാനമായി ഉയര്‍ത്തിയേക്കും

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ചരക്കു സേവന നികുതി (ജി.എസ്.ടി) പരിഷ്‌കരണ നടപടികള്‍ കേരളത്തിന്റെ ലോട്ടറി മേഖലയ്ക്ക് ബാദ്ധ്യതയായേക്കും. ഹാനികരമായ ഉത്പന്നങ്ങളെയും സേവനങ്ങളെയും 40 ശതമാനം നികുതി സ്‌ളാബിലേക്ക് മാറ്റുമെന്നാണ് പുതിയ ജി.എസ്.ടി പരിഷ്‌കരണ നിര്‍ദേശങ്ങളില്‍ പറയുന്നത്. നിലവില്‍ ലോട്ടറിയ്ക്ക് 28 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും ലോട്ടറിയുടെ ജി.എസ്.ടി ഉയര്‍ത്തുന്നതില്‍ ആശങ്കയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യാേഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

നിലവിലുള്ള നാല് ജി.എസ്.ടി സ്‌ളാബുകള്‍ രണ്ടായി കുറയ്ക്കുമെന്നാണ് കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതോടെ അഞ്ച് ശതമാനം, 18 ശതമാനം ജിഎസ്.ടിയാകും ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും ഈടാക്കുക. എന്നാല്‍ ഹിതകരമല്ലാത്ത സിഗററ്റുകള്‍, ഗെയിംമിംഗ് തുടങ്ങിയ ഏഴ് ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ലോട്ടറിക്ക് വെല്ലുവിളിയാകുന്നത്. നികുതി കുത്തനെ കൂടുന്നതോടെ ലോട്ടറി വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും.

ലോട്ടറി വരുമാനത്തില്‍ കേരളം മുന്നില്‍

രാജ്യത്തെ മൊത്തം ലോട്ടറി വരുമാനത്തില്‍ 97 ശതമാനവും കേരളത്തിലാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ലോട്ടറിയില്‍ നിന്ന് 14,220 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. 2014-15 വര്‍ഷത്തില്‍ 5,445 കോടി രൂപ മാത്രമായിരുന്ന കേരളത്തിന്റെ ലോട്ടറി വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 13,244 കോടിയിലെത്തി.

തുടക്കത്തില്‍ ജി.എസ്.ടി 12 ശതമാനം മാത്രം

ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ സര്‍ക്കാര്‍ ലോട്ടറിക്ക് 12 ശതമാനവും സര്‍ക്കാര്‍ അംഗീകാരമുള്ള സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നിരക്കാണ് ഉണ്ടായിരുന്നത്. 38-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് രണ്ട് വിഭാഗത്തിന്റെയും നിരക്ക് 28 ശതമാനമായി ഏകീകരിച്ചത്.