ടി.പി.എം സംവിധാനം നിശ്ചലം: അവയവം മാറ്റിവയ്ക്കൽ അത്യാഹിതത്തിൽ
തിരുവനന്തപുരം: മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതി അണിയറയിൽ പൊളിച്ചടുക്കി. ഇതിനായി സർക്കാർ മുടക്കിയ 25 ലക്ഷത്തിലേറെ രൂപയും അനുബന്ധ പ്രവർത്തനങ്ങളും പാഴ്‌വേലയായി. സർക്കാർ മെഡിക്കൽ കോളേജുകളിലെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ അവതാളത്തിലായി.
അവയവമാറ്റിവയ്ക്കൽ പ്രക്രിയ കൃത്യവും സുതാര്യവുമാക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഇതിനായി സർക്കാർ മെഡിക്കൽ കോളേജുകളിലെ തിരഞ്ഞെടുത്ത ഡോക്ടർമാരെ ട്രാൻസ്‌പ്ലാന്റ് പ്രൊക്യുർമെന്റ് മാനേജർമാരായി (ടി.പി.എം) നിയോഗിച്ചിരുന്നു. സ്‌പെയിനിൽ നിന്ന് വിദഗ്ദ്ധ സംഘത്തെ എത്തിച്ചാണ് ഇവർക്ക് പരിശീലനം നൽകിയത്. ചിലരെ സ്‌പെയിനിലേക്ക് അയച്ചും പരിശീലിപ്പിച്ചു.
2019ലാണ് തിരുവനന്തപുരം, കോട്ടയം,ആലപ്പുഴ, എറണാകുളം,തൃശൂർ,കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ടി.പി.എമ്മുമാരെ നിയോഗിച്ചത്. അനസ്തേഷ്യ,ന്യൂറോളജി അസോസിയേറ്റ്,അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ളർക്കായിരുന്നു ചുമതല. ഇവർ കെ സോട്ടോയുമായി സഹകരിച്ച് മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് ഊർജ്ജിതവും സുതാര്യവുമാക്കമെന്നായിരുന്നു നിർദ്ദേശം. ഈ ദൗത്യം നടപ്പിലായില്ല.
കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി മേധാവിയുടെ ആരോപണങ്ങൾക്ക് പിന്നാലെ കെ.സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് രംഗത്തെത്തിയിരുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിൽ കെ സോട്ടോയ്ക്ക് നേരിട്ട് പങ്കില്ലെന്ന അദ്ദേഹത്തിന്റെ വിശദീകരണം വിരൽചൂണ്ടുന്നതും ടി.പി.എമ്മുമാരുടെ വീഴ്ചയിലേക്കാണ്. കെ സോട്ടോയുടെ ആവശ്യപ്രകാരമായിരുന്നു ടി.പി.എമ്മുമാരെ നിയോഗിച്ചത്. സ‌്‌പെയിനിലെ ഡി.ടി.ഐ ഫൗണ്ടേഷന് കീഴിലായിരുന്നു കേരളത്തിലെ ടി.പി.എമ്മുമാർക്കുള്ള പരിശീലനം നടന്നത്.
സ്‌പെയിനിൽ പരിശീലനം?
ലോകത്ത് ഏറ്റവും മികച്ച രീതിയിൽ മരണാനന്തര അവയവദാനം നടക്കുന്നത് സ്‌പെയിനിലാണ്. മസ്തിഷ്കമരണം സ്ഥിരീകരിച്ചാൽ അവയവദാനം നിർബന്ധമാണ്. ഇതിന് പ്രത്യേക അനുമതി വേണ്ടതില്ല. വേഗത്തിൽ അവയമാറ്റ ശസ്ത്രക്രിയയും നടക്കുന്നു.
കാത്തിരിക്കുന്നത് 2,832 ജീവിതങ്ങൾ
സംസ്ഥാനത്ത് അവയവമാറ്റിവയ്ക്കലിനായി കെസോട്ടോയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന 2832 പേരാണ്. കൂടുതലും വൃക്കരോഗികൾ. സർക്കാർ,സ്വകാര്യമേഖലകളിൽ മരണാനന്തര അവയദാനത്തിലൂടെ ശസ്ത്രക്രിയ നടക്കണമെങ്കിൽ രോഗി കെ സോട്ടോയിൽ രജിസ്റ്റർ ചെയ്യണം. ചില സ്വകാര്യ ആശുപത്രികൾ രോഗിക്ക് അവയവമാറ്റിവയ്ക്കൽ നിർദ്ദേശിച്ചാലുടൻ വൻതുക കെട്ടിവയ്ക്കാൻ ആവശ്യപ്പെടും. പണം ആശുപത്രിയിൽ അടച്ചാലേ കെ സോട്ടോയിൽ രജിസ്ട്രേഷന് അനുവദിക്കൂ.
വൃക്ക...............................................2,193
കരൾ..............................................498
ഹൃദയം..........................................71
ഒന്നിലധികം അവയവങ്ങൾ......30
ചെറുകുടൽ..................................3
ശ്വാസകോശം...............................1
പാൻക്രിയാസ്.............................10
കോർണിയ..................................20
കൈകൾ........................................6
ഡോക്ടർമാരുടെ പരസ്യ പ്രതികരണം വിലക്കി
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഔദ്യോഗിക വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തുന്നത് വിലക്കി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പി.കെ. ജബ്ബാർ വിളിച്ച ഓൺലൈൻ യോഗത്തിലാണ് വകുപ്പ് മേധാവികൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. പരാതികളുണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണം. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന കെ. സോട്ടോ പരാജയമാണെന്ന നെഫ്രോളജി വകുപ്പ് മേധാവി ഡോ. എം.കെ. മോഹൻദാസിന്റെ വെളിപ്പെടുത്തലിമ്പിന്നാലെയാണ് നടപടി.