സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നാളെ

Wednesday 20 August 2025 12:34 AM IST

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളത്തെ നാളെ പ്രഖ്യാപിക്കും. വൈകിട്ട് 4.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഡിജിറ്റൽ സാക്ഷരത യാഥാർത്ഥ്യമാക്കുന്നതിനുള്ള തദ്ദേശവകുപ്പിന്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായാണ് സർവേ നടത്തി ആളുകളെ കണ്ടെത്തി പരിശീലനം നൽകിയത്. 88 ലക്ഷം കുടുംബങ്ങളിലെ 1.5 കോടി പേരിലാണ് സർവേ നടത്തിയത്. 21,88,398 പേർക്ക് പരിശീലനം നൽകി. ഇതിൽ 21,87,667പേർ (99.98%) ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.

15223 പേർ 90 വയസിന് മുകളിൽ പ്രായമുളളവരാണ്. 76-90ന് ഇടയിൽ പ്രായമുള്ളവർ 135668 പേർ. 8.05 ലക്ഷം പുരുഷന്മാരെയും 13.81 ലക്ഷം സ്ത്രീകളെയും 1644 ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവരെയും പുതുതായി ഡിജിറ്റൽ സാക്ഷരരാക്കി. സ്മാർട്ട്‌ഫോണിൽ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കൽ, ഗ്യാസ് ബുക്ക് ചെയ്യൽ, വൈദ്യുതി ബിൽ അടയ്ക്കൽ തുടങ്ങി 15 പ്രവർത്തനങ്ങളിലാണ് പരിശീലനം നൽകിയത്. ഇതിൽ ആറെണ്ണത്തിൽ പരിജ്ഞാനം നേടിയവരെ ഡിജിറ്റൽ സാക്ഷരരായി പ്രഖ്യാപിച്ചു.