ആരോഗ്യ മേഖലയിലെ ഓൺലൈൻ കോഴ്‌സുകൾ വിലക്കി യു.ജി.സി

Wednesday 20 August 2025 12:35 AM IST

ന്യൂഡൽഹി: ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഓൺലൈൻ, വിദൂര പഠനം വിലക്കി യു.ജി.സി. നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഫഷൻസ് നിയമത്തിന് കീഴിലുള്ള സൈക്കോളജി,മൈക്രോബയോളജി,ഫുഡ് ആൻഡ് ന്യൂട്രിഷൻ സയൻസ്, ബയോടെക്‌നോളജി,ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റീഷ്യൻ കോഴ്‌സുകളുടെ ഓൺലൈൻ,വിദൂര വിദ്യാഭ്യാസ പഠനമാണ് വിലക്കിയത്. യു.ജി.സിയുടെ ഡിസ്റ്റന്റ് എജ്യുക്കേഷൻ ബ്യൂറോയുടെ ശുപാർശപ്രകാരമാണ് തീരുമാനം. ഈ വർഷം ജൂലായ്-ആഗസ്ത് മുതൽ ഈ കോഴ്‌സുകളിൽ പ്രവേശനം പാടില്ലെന്നാണ് നിർദ്ദേശം. ഇതിനകം പ്രവേശനം നടത്തിയിട്ടുണ്ടെങ്കിൽ അസാധുവാകും.

അതേസമയം, ഇഗ്നോയുടെ കോഴ്‌സുകൾക്ക് വിലക്ക് ബാധകമല്ല. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇഗ്നോ യു.ജി.സിയുടെ കീഴിലല്ല പ്രവർത്തിക്കുന്നത്. അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ കോഴ്‌സുകളല്ലാത്തവയുടെ ഓൺലൈൻ, വിദൂര പഠനത്തിന് വിലക്കില്ലെന്ന് യു.ജി.സി വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, സംസ്‌കൃതം, ജ്യോഗ്രഫി, സോഷ്യോളജി തുടങ്ങിയ ബിരുദ കോഴ്‌സുകളുടെ ഓൺലൈൻ, വിദൂര പഠനം മാറ്റമില്ലാതെ തുടരും.