വി.സിക്കെതിരെ പ്രമേയം പാസാക്കി ഡിജിറ്റൽ യൂണി. ഭരണസമിതി

Wednesday 20 August 2025 12:37 AM IST

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സിസാതോമസിനെതിരേ പ്രമേയം പാസാക്കി ബോർഡ് ഒഫ് ഗവേണേഴ്സ് (ബി.ഒ.ജി). കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ 94.85കോടിയുടെ ഗ്രാഫീൻ ഗവേഷണ പ്രോജക്ടിലെ വമ്പൻ തട്ടിപ്പിൽ സി.എ.ജി അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് റിപ്പോർട്ട് നൽകിയതാണ് കാരണം.

ബി.ഒ.ജിയുടെ അനുമതിയില്ലാതെ ഗവർണർക്ക് പരാതി നൽകിയെന്നും വി.സിയുടെ നടപടി ഏകപക്ഷീയമാണെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണം. മറ്റ് സർവകലാശാലകളിലെ സിൻഡിക്കേറ്രിന് സമാനമായ സമിതിയാണ് ബി.ഒ.ജി. ഐ.ടി സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി എന്നിവരുടെ സമിതിയെ വി.സിക്കെതിരായ അന്വേഷണത്തിന് ചുമതലപ്പെടുത്തി.

ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി രാജൻ വർഗ്ഗീസാണ് വി.സിക്കെതിരേ പ്രമേയം അവതരിപ്പിച്ചത്. ഐ.ടി സെക്രട്ടറി സാംബശിവ റാവുവും വി.സിയെ വിമർശിച്ചു. സർക്കാരിന്റെ ഐ.ടി യോഗങ്ങളിൽ നിന്ന് വി.സി വിട്ടുനിൽക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.ടി വ്യവസായിയായ വിജയ് ചന്ദ്രുവാണ് ബി.ഒ.ജി അദ്ധ്യക്ഷൻ. സർവകലാശാലയിലെ ചില അധ്യാപകർ ഒരേസമയം ഒട്ടേറെ കമ്പനികളുടെ സ്ഥാനം വഹിച്ചതും കോടികളുടെ പദ്ധതികൾ ഏറ്റെടുത്തെന്നുമുള്ള ആരോപണങ്ങൾ വിവാദമായിരുന്നു. ഇതിലാണ് സി.എ.ജി അന്വേഷണത്തിന് ഗവർണർ ശുപാർശ ചെയ്തത്.