ഇൻഡോർ സ്റ്റേഡിയം: മേപ്പിൾ തടിയിൽ 'തട്ടി" തറ നിർമ്മാണം

Wednesday 20 August 2025 1:12 AM IST

കൊല്ലം: കന്റോൺമെന്റ് മൈതാനത്ത് നിർമ്മാണം പുരോഗമിക്കുന്ന, ഒളിമ്പ്യൻ സുരേഷ് ബാബു ഇൻ‌ഡോർ സ്റ്റേഡിയത്തിന്റെ തറ നി​ർമ്മാണത്തി​ന് ആവശ്യമായ മേപ്പിൾ മരത്തിന്റെ തടി എത്തിക്കാനാവാത്തത് പ്രതിസന്ധിയാവുന്നു. കിഫ്ബിയുടെ അനുമതി ലഭിച്ചില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കഴി​ഞ്ഞ വർഷം ഡിസംബറോടെ പൂർത്തിയാക്കി ഈ വർഷം പകുതിയാകുന്നതോടെ കായികപ്രേമികൾക്കായി തുറന്ന് നൽകാൻ കഴിയുമെന്ന് അധി​കൃതർ ഉറപ്പ് നൽകിയ സ്റ്റേഡിയത്തിനാണ് ദുരവസ്ഥ.

തറയുടെ പ്രവൃത്തികൾ ആരംഭിച്ചാൽ ഒരുമാസം കൊണ്ട് പൂർത്തിയാകുമെങ്കിലും തടി എത്തിക്കാൻ കഴിയുന്നില്ല. 85 ശതമാനത്തോളം എത്തി നിൽക്കുകയാണ് സ്റ്റേഡിയം നിർമ്മാണം. പെയിന്റിംഗ് ഉൾപ്പടെ സ്റ്റേഡിയത്തിന് പുറമെയുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്.

2,500 പേർക്ക് ഇരിക്കാവുന്ന ഗാലറിയുടെ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. നീന്തൽക്കുളം പൂർത്തിയാകാൻ കാലതാമസമുണ്ടാവും. 25 മീറ്റർ വീതിയും 12 മീറ്റർ നീളവുമാണ് നീന്തൽ കുളത്തിനുള്ളത്. സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും ഒരുമിച്ചു മാത്രമേ ഉദ്ഘാടനം നടത്തുകയുള്ളൂ.

കിഫ്ബി അനുമതി വൈകുന്നു

 തടി എത്തിക്കാനുള്ള നടപടി ഇഴയുന്നു

 കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മാണം കിറ്റ്കോയ്ക്ക്  കാനഡയിലാണ് മേപ്പിൾ മരങ്ങൾ ധാരാളമായുള്ളത്, ഇന്ത്യയിലുമുണ്ട്

 ശക്തവും മനോഹരവും ഈടുള്ളതും

 ഇൻഡോർ സ്റ്റേഡിയങ്ങളുടെ തറ നിർമ്മാണത്തിന് അനുയോജ്യം

മിനുസമാർന്നതും മിതമായ സ്വാഭാവിക തിളക്കവുമുള്ള ഘടന

 തടി കൈകാര്യം ചെയ്യാനും എളുപ്പം

ചെലവ്

₹ 39 കോടി

സ്റ്റേഡിയത്തിന് മാത്രം

₹ 33.90 കോടി

വിസ്തൃതി

3.6 ഏക്കർ

23 ഇനം

മത്സരങ്ങൾ നടത്താം

ഓരോ ഇനത്തിനും

ഒരേസമയം വിവിധ കോർട്ടുൾ

മേപ്പിൾ തടിക്ക് വേണ്ടിയിട്ടുള്ള കിഫ്ബി അനുമതി ലഭിച്ചിട്ടില്ല. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കുന്ന തരത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.

കിറ്റ്കോ അധികൃതർ