ടോൾ നിറുത്തിയപ്പോൾ പ്രവൃത്തികളും മുടക്കി
തൃശൂർ: മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാത 544ൽ ടോൾപിരിവ് നിറുത്തി വയ്ക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടതോടെ അനുബന്ധ പ്രവൃത്തികളും മറ്റും നിറുത്തിവച്ചുള്ള കരാർ കമ്പനിയുടെ പ്രതികാരത്തിൽ യാത്രക്കാരും ഡ്രൈവർമാരും ഹൈവേ പൊലീസും വലയുന്നു. റോഡിൽ അപകടമുണ്ടായാൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന ആംബുലൻസ് സംവിധാനം, അപകടത്തിൽപെട്ട വാഹനങ്ങളെ ഉടൻ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുന്ന ക്രെയിൻ സർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ്, വാഷ് റൂം സൗകര്യങ്ങൾ എന്നിവയാണ് കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് നിറുത്തിവച്ചത്.
ആംബുലൻസ്, ക്രെയിൻ സംവിധാനങ്ങൾ നിറുത്തിവച്ചതാണ് ഏറ്റവും അധികം കുരുക്കുണ്ടാക്കുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ മുരിങ്ങൂർ ജംഗ്ഷനിൽ തടി ലോറി മറിഞ്ഞ് 15 മണിക്കൂറിലേറെ കുരുക്കുണ്ടായതിനും കാരണം യഥാസമയം ക്രെയിൻ ലഭിക്കാത്തതായിരുന്നു. പിന്നീട് ഹൈവേ പൊലീസ് ഇടപെട്ട് സ്വകാര്യ ക്രെയിൻ വിളിച്ചായിരുന്നു തടി ലോറി നീക്കിയത്. ഓണക്കാലത്ത് കുരുക്ക് വീണ്ടും ശക്തമാകുമോയെന്നാണ് ആശങ്ക.