അസി.പബ്ലിക് പ്രോസിക്യൂട്ടറുടെ മരണം: ഐഫോൺ പാസ്‌വേർഡ് തുറക്കാനായില്ല

Wednesday 20 August 2025 2:42 AM IST

തിരുവനന്തപുരം: കൊല്ലത്ത് അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴി മുട്ടി. അനീഷ്യയുടെ ഐ ഫോണിന്റെ പാസ്‌വേർഡ് തുറക്കാനുള്ള സംവിധാനം സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിൽ ഇല്ലാത്തതാണ് കാരണം.

സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്നാണ് അനീഷ്യ ജീവനൊടുക്കിയതെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. അനീഷ്യ ഉപയോഗിച്ചിരുന്ന നിർണായക തെളിവുകൾ അടങ്ങിയ ഐ ഫോൺ ബന്ധുക്കൾ പൊലീസിനു കൈമാറിയിരുന്നു. ഇതിന്റെ ലോക്കഴിക്കാനാവുന്നില്ലെന്ന ഫോറൻസിക് ലാബിന്റെ മറുപടി ക്രൈംബ്രാഞ്ച് സർക്കാരിനെ അറിയിച്ചു. തുടർന്ന് ഫോൺ ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലേക്ക് അയക്കാൻ സർക്കാർ ഉത്തരവിട്ടു. ഫോൺ പരിശോധിക്കാനാവാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുള്ളത്.

2024 ജനുവരി 21നാണ് കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിലെ വോയിസ് മെസേജുകളും ഡിജിറ്റൽ രേഖകളും കേസിൽ നിർണായക തെളിവുകളാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഗുജറാത്തിലെ പരിശോധനയ്ക്ക് 19,004 രൂപയും സർക്കാർ അനുവദിച്ചു. നിർണായക തെളിവുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നത് കേസന്വേഷണത്തിൽ കാലതാമസത്തിനിടയാക്കും. അനീഷ്യയുടെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്നതിന് നടപടിയെടുത്തത്.