കരിപ്പൂരിനെ കയ്യൊഴിഞ്ഞ് ഹജ്ജ് തീർത്ഥാടകർ , രണ്ടു വർഷത്തിനിടയിൽ കുറഞ്ഞത് 94 ശതമാനം തീർത്ഥാടകർ

Wednesday 20 August 2025 1:59 AM IST

കൊണ്ടോട്ടി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി കരിപ്പൂരിനെ തിരഞ്ഞെടുക്കുന്ന തീർത്ഥാടകരിൽ 94 ശതമാനത്തിന്റെ കുറവ്. കരിപ്പൂർ വിമാനത്താവളം വഴി തീർത്ഥാടനത്തിന്‌ പോകുന്നവർക്ക് യാത്രായിനത്തിൽ 40,000 രൂപയിലധികം തുക അമിതമായി നൽകേണ്ടതാണ് കുറവിന് കാരണം. ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന പട്ടിക പ്രകാരം 2026-ലെ തീർത്ഥാടനത്തിനായി കരിപ്പൂർ വിമാനത്താവളം പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തത് ആകെ 632പേർ മാത്രമാണ്. 2024ൽ 10515 തീർത്ഥാടകരുണ്ടായിരുന്ന സ്ഥാനത്താണിത്. 2025 സീസണിൽ 5339 പേർ കരിപ്പൂർ വഴി യാത്ര ചെയ്തിരുന്നു.

പുറപ്പെടൽ കേന്ദ്രങ്ങളുടെ ഇപ്പോൾ പ്രസിദ്ധീകരിച്ച ലിസ്റ്റ് പ്രകാരം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ് കൂടുതൽ തീർത്ഥാടകരും പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്നത്. 4995പേർ ഇവിടം വഴിയാണ് യാത്ര ചെയ്യുക. കണ്ണൂർ വഴി 2892 തീർത്ഥാടകരും. മൂന്നു പുറപ്പെടൽകേന്ദ്രങ്ങളിൽ നിന്നുമായി 8530പേരുടെ പട്ടികയാണ് നിലവിൽ വന്നിട്ടുള്ളത്. ലക്ഷദ്വീപിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള 528പേർ കേരളത്തിലെ വിമാനത്താവളങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്.

പ്രതിസന്ധി സൃഷ്ടിക്കുന്നത് യാത്രാ നിരക്കിലെ വർധന

കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടി വരുന്ന തീർത്ഥാടകർക്ക് മറ്റു പുറപ്പെടൽ കേന്ദ്രങ്ങളെ അപേക്ഷിച്ച് 40000ത്തിനു മുകളിൽ തുക അധികമായി നൽകേണ്ടി വരും

. കഴിഞ്ഞ തവണ കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് മാത്രമായിരുന്നു ഹജ്ജ് സർവീസിനുള്ള ടെൻഡറിൽ പങ്കെടുത്തത്.

സുരക്ഷാ കാരണങ്ങളാൽ എയർ ഇന്ത്യയുടെ ചെറുവിമാനങ്ങളാണ് ഇവിടെ സർവീസ് നടത്തുന്നത്. അതിനാൽ മറ്റു വിമാനക്കമ്പനികൾ ഇവിടെ നിന്നും ഹജ്ജ് സർവീസ് നടത്തുന്നില്ല. കരിപ്പൂരിൽ നിന്നുള്ള ടെൻഡറിൽ എയർഇന്ത്യ മാത്രമേ പങ്കെടുക്കുന്നുള്ളൂ. അതിനാലാണ് തുക ഉയരുന്നത്.

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാന സർവ്വീസുകൾ പുനരാരംഭിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാവൂ.