റോഡാകെ കുഴി, തടസമായി അനധികൃത പാർക്കിംഗും തിരൂരിൽ വലഞ്ഞ് യാത്രക്കാർ
തിരൂർ: നഗരത്തിലെ തകർന്ന റോഡുകളും റോഡരികിലെ അനധികൃത പാർക്കിംഗും സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു.
തിരൂർ നഗരത്തിൽ മെയിൻ റോഡടക്കം മിക്ക റോഡുകളും തകർന്ന് തരിപ്പണമാണ്. കനത്ത മഴയിൽ കുഴികളെല്ലാം വലുതായി. ഇവയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് വിശ്വാസ് തിയേറ്ററിന് മുൻവശം പിതാവ് ഓടിച്ചിരുന്ന ഓട്ടോ കുഴിയിൽ വീണ് കുട്ടി റോഡിലേക്ക് തെറിച്ച് മരണപ്പെട്ടത്. അപകടങ്ങൾ പതിവാകുബോൾ ക്വാറി വേസ്റ്റ് നിറച്ച് താത്കാലികമായി കുഴിയടയ്ക്കുമെങ്കിലും മഴ പെയ്താൽ എല്ലാം പഴയപടിയാവും.
താത്കാലിക ഓട്ടയടപ്പിന് പകരം ശാശ്വത നടപടികളാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു. താഴെപ്പാലം സ്റ്റേഡിയത്തിന് മുൻവശം, സിറ്റി ജംഗ്ഷഷൻ, പയ്യനങ്ങാടി, ബസ് സ്റ്റാൻഡ് , പൂങ്ങോട്ടുകുളം, കെ.ജി പടി,തൃക്കണ്ടിയൂർ റോഡ്, ഏഴൂർ റോഡ് തുടങ്ങി ഏത് റോഡിലൂടെ പോയാലും യാത്രക്കാരുടെ നടവൊടിയുന്ന അവസ്ഥയാണ്. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് വരുന്ന രോഗികൾക്ക് പൂങ്ങോട്ടുകുളത്ത് നിന്ന് കയറേണ്ട തൃക്കണ്ടിയൂർ റോഡ് മാസങ്ങളായി തകർന്ന് കിടക്കുകയാണ്. കാൽനടയാത്രയ്ക്ക് പോലും യോഗ്യമല്ല.
അശ്രദ്ധം പാർക്കിംഗ്
മെയിൻ റോഡിന്റെ ഇരുവശങ്ങളിലെയും അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.
തിരൂർ ജില്ലാ ആശുപത്രി റോഡ് വീതി കൂട്ടി നിർമ്മിച്ചത് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോവാനാണെങ്കിലും അനധികൃത പാർക്കിംഗ് വിനയാകുന്നു.
നിരവധി സർക്കാർ സ്ഥാപനങ്ങളിലേക്ക് പോകേണ്ടത് ഈ റോഡ് വഴിയാണ്. ഇവിടേക്കെത്തുന്ന വാഹനങ്ങളാണ് ഈ ഭാഗത്ത് ശ്രദ്ധയില്ലാതെ പാർക്ക് ചെയ്യുന്നവയിൽ കൂടുതലും