മികച്ച കുട്ടിക്കർഷക; പുസ്‌തകങ്ങൾ പോലെ കൃഷിയിടവും പ്രിയങ്കരം, ഇതൊക്കെയാണ് വൈഗശ്രീയുടെ തോട്ടത്തിലുള്ളത്

Wednesday 20 August 2025 11:49 AM IST

പാനൂർ: നിത്യവും കാർഷിക വൃത്തിയിലേർപ്പെടുന്ന ഒളവിലം കരിയാട്ടെ ആറാം ക്ളാസ് വിദ്യാർത്ഥിനി കുഞ്ഞിപ്പറമ്പത്ത് വൈഗശ്രീക്ക് കൃഷിഭൂമിയും ഒരു പാഠപുസ്തകം തന്നെ. ഒഴിവു വേളകളിലും അവധി ദിവസങ്ങളിലും വൈഗ പഠനത്തോടുള്ള താല്പര്യം തന്നെ കൃഷിയിലും കാണിക്കുകയാണ്.

നാടൻ പണി ചെയ്ത് ഉപജീവനം കഴിച്ചിരുന്ന അച്ഛനിൽ നിന്നും ഫോണിൽ നിന്നും സമയം കിട്ടുമ്പോൾ വൈഗ കൃഷി അറിവുകൾ സമ്പാദിക്കുന്നു. വീട്ടുപറമ്പിൽത്തന്നെ ആവശ്യത്തിനുള്ള പച്ചക്കറികൾ, ശാസ്ത്രീയമായി തികച്ചും ജൈവികമായി ഉൽപ്പാദിപ്പിക്കും. ഓരോന്നിനും വേണ്ട വളങ്ങളെ കുറിച്ച് അച്ഛന് നിർദ്ദേശം നല്കി വാങ്ങിക്കുന്നതും കുട്ടി തന്നെ.

ചീര, തക്കാളി, വെണ്ട, വഴുതിന, മുളക്, പാവൽ, പടവലം തുടങ്ങിയവയാണ് പ്രധാനമായും നട്ടുവളർത്താറ്. കഴിഞ്ഞ തവണ 250 ഓളം അഗ്രോ ബാഗുകളിൽ വീട്ടിൽ പച്ചക്കറി നട്ടിരുന്നു. അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ തന്നെ കരിയാട് പഞ്ചായത്തിൽ നിന്നും മികച്ച 'കുട്ടി കർഷക 'ക്കുള്ള പുരസ്‌ക്കാരം ലഭിക്കുകയുണ്ടായി. ഇത്തവണ ചൊക്ലി പഞ്ചായത്ത്‌ വൈഗയ്ക്ക് കുട്ടികർഷകയ്ക്കുളള പുരസക്കാരം നല്കി. ഒളവിലം രാമകൃഷ്ണ ഹൈസ്‌ക്കൂളിലെ ആറാംതരം വിദ്യാർത്ഥിയാണ്. ശ്രീകാന്ത് - രസ്ന ദമ്പതികളുടെ മകളാണ്. സഹോദരി വൈദേഹി.