'പ്രമുഖനായ യുവനേതാവ് മോശം രീതിയിൽ സമീപിച്ചു, ആ ബാലതാരം ഇപ്പോൾ നേരിടുന്നത്'; വെളിപ്പെടുത്തലുമായി യുവനടി
സ്വന്തം അഭിപ്രായം ബോൾഡായി സമൂഹത്തിന് മുന്നിൽ തുറന്നുപറയുന്നവരെ കേരളത്തിലുളളവർ വിമർശിക്കുകയാണെന്ന് യുവനടി റിനി ആൻ ജോർജ്. ഗിന്നസ് പക്രു നായകനായി അടുത്തിടെ തീയേറ്ററുകളിലെത്തിയ 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തത് റിനിയായിരുന്നു. ഇപ്പോഴിതാ രാഷ്ട്രീയത്തിൽ കഴിവുളള സ്ത്രീ നേതാക്കളെ മുൻനിരയിലെത്താൻ ചില നേതാക്കൾ അനുവദിക്കുന്നില്ലെന്ന് തുറന്നുപറയുകയാണ് താരം, രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന താരം, തനിക്കുണ്ടായ ദുരനുഭവവും കൗമുദി മൂവീസിൽ വെളിപ്പെടുത്തുകയുണ്ടായി.
റിനിയുടെ വാക്കുകൾ
കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അശ്ലീല സന്ദേശങ്ങൾ അയക്കുകയും മോശം രീതിയിൽ സമീപിക്കുകയുടെ ചെയ്തു. ഒരു പാർട്ടിയേയും തേജോവധം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല ഇത് പറയുന്നത്. ഈ പ്രവണത നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിലുളള പരാതിയുമായി നമ്മൾ ബന്ധപ്പെട്ടവരെ സമീപിക്കാറുണ്ട്. അപ്പോൾ സ്ത്രീകൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പറയുന്നവർ പോലും പരിഗണിക്കില്ല.
രാഷ്ട്രീയത്തിൽവരെ സ്ത്രീകൾക്ക് നല്ലൊരു സ്ഥാനം കൊടുക്കാൻ മടിക്കുന്നവരുണ്ട്. ഒരുപക്ഷെ സ്ത്രീകൾ അത്തരത്തിലൊരു സ്ഥാനത്തേക്ക് വരികയാണെങ്കിൽ അവർക്ക് പുരുഷനേതാക്കൻമാർ പറയുന്നതിലപ്പുറം ഒന്നും ചെയ്യാനും സാധിക്കില്ല. കഴിവുളള സ്ത്രീ നേതാക്കൾ ഇപ്പോഴും പുറത്ത് നിൽക്കുകയാണ്. കേരള സമൂഹം സ്ത്രീവിരുദ്ധത നിറഞ്ഞതല്ല. സ്വന്തം അഭിപ്രായം ബോൾഡായി സമൂഹത്തിന് മുന്നിൽ പറയുന്ന സ്ത്രീകളെ അംഗീകരിക്കാത്തയാളുകൾ ഇവിടെയുണ്ട്. ബാലതാരം ദേവനന്ദയുടെ അവസ്ഥ എന്താണെന്നറിയാം. ആ കുട്ടി അഭിപ്രായങ്ങൾ പറയുന്നതുകൊണ്ട് ആക്രമിക്കപ്പെടുകയാണ്.