'നമുക്ക് നമ്മളേയുള്ളൂ എന്ന് ഞാൻ റോബിൻ ചേട്ടനോട് പറയാറുണ്ട്, അതെ ഞങ്ങൾ അനാഥരാണ്'; ആരതി പൊടി

Wednesday 20 August 2025 3:34 PM IST

ബിഗ്‌ബോസിലൂടെ ഏറ്റവും കൂടുതൽ പ്രശസ്‌തി നേടിയ മത്സരാർത്ഥിയാണ് ഡോ. റോബിൻ രാധാകൃഷ്‌ണൻ. നാലാം സീസണിൽ റോബിൻ തന്നെ കപ്പ് നേടുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ, 70 ദിവസമേ റോബിന് ബിഗ് ബോസ് വീടിനുള്ളിൽ കഴിയാൻ സാധിച്ചുള്ളു. മത്സരാർത്ഥിയായ റിയാസ് സലീമിനെ കയ്യേറ്റം ചെയ്‌തതിന്റെ പേരിലാണ് റോബിൻ പുറത്താക്കപ്പെട്ടത്. ബിഗ്‌ബോസ് മലയാളം ചരിത്രത്തിൽ തന്നെ ഇത്രയും ജനപിന്തുണ ലഭിച്ച മറ്റൊരാളില്ല.

നർത്തകിയായ ദിൽഷ പ്രസന്നനാണ് ആ സീസണിൽ വിജയിച്ചത്. ജീവിത പങ്കാളിയായ ആരതി പൊടിയെ റോബിൻ കണ്ടെത്തിയത് പോലും ബിഗ് ബോസിന് ശേഷമുള്ള അഭിമുഖത്തിലാണ്. കഴിഞ്ഞ വർഷമായിരുന്നു റോബിന്റെയും ഫാഷൻ ഡിസൈനറായ ആരതി പൊടിയുടെയും വിവാഹം. ആരതി പൊടിക്ക് ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോഴിതാ ഇവരുടെ ഒരു രസകരമായ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അച്ഛനമ്മമാരുടെ സ്‌നേഹത്തെക്കുറിച്ചാണ് ഇരുവരും പറയുന്നത്.

'റോബിൻ ചേട്ടന്റെ അച്ഛനും അമ്മയ്‌ക്കും ഏറ്റവും ഇഷ്‌ടം റോബിൻ ചേട്ടനെയാണ്. പക്ഷ, അമ്മയ്‌ക്കും അച്ഛനും അനിയത്തിയെയാണ് ഏറ്റവും ഇഷ്‌ടമെന്നാണ് റോബിൻ ചേട്ടൻ കരുതുന്നത്. അതുപോലെ എന്റെ അച്ഛനും അമ്മയ്‌ക്കും എന്നോട് ഭയങ്കര സ്‌നേഹമാണ്. പക്ഷേ അവർക്ക് ചേച്ചിയോടാണ് കൂടുതൽ സ്‌നേഹമെന്നാണ് എനിക്ക് തോന്നാറുള്ളത്. ഞാനും റോബിൻ ചേട്ടനും പരസ്‌പരം പറയാറുണ്ട്. നമുക്ക് ആരുമില്ല, നമ്മൾ അനാഥരാണ്, നമുക്ക് നമ്മളേ ഉള്ളു എന്നെല്ലാം' - ആരതി പറഞ്ഞു.

നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. നിങ്ങൾ അനാഥരല്ല ഞങ്ങളുണ്ടെന്നാണ് ചിലർ പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ അതേ ചിന്ത എല്ലാവർക്കും ഉണ്ടാകാറുണ്ടെന്നും ചിലർ കുറിച്ചിട്ടുണ്ട്.