പാലാരിവട്ടം അഴിമതി,​ ഉന്നത രാഷ്ട്രീയക്കാർക്ക് ഗൂഢാലോചനയിൽ പങ്കെന്ന് വിജിലൻസ്

Monday 23 September 2019 4:02 PM IST

കൊച്ചി: ഗതാഗതം ആരംഭിച്ച് മൂന്നു വർഷം തികയും മുമ്പേ അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തേണ്ടിവന്ന ദേശീയപാതയിലെ പാലാരിവട്ടം മേൽപാലം അഴിമതി സംബന്ധിച്ച ഗൂഢാലോചനയിൽ ഉന്നത രാഷ്ട്രീയക്കാർക്ക് പങ്കുണ്ടെന്ന് കാണിച്ച് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ നേതാക്കൾ ആരൊക്കെയാണെന്ന് ഒന്നാം പ്രതിയായ നിർമാണക്കമ്പനി ആർ.ഡി.എസ് പ്രൊജക്ട്സ് എംഡിയായ സുമിത് ഗോയലിന് അറിയാമെന്നും ജാമ്യാപേക്ഷയെ എതിർത്ത് വിജിലൻസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കൈക്കൂലി വാങ്ങിയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുന്നുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. ഇയാൾക്ക് ജാമ്യം നൽകിയാൽ രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾ രക്ഷപ്പെടുമെന്നും,സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. സുമിത് ഗോയലിന്റെ ഉൾപ്പെടെ നാലുപേരുടെ ജാമ്യഹർജി നാളെ കോടതി പരിഗണിക്കും.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2014ലാണ് പാലത്തിന് തറക്കല്ലിടുന്നത്. 72 കോടി രൂപ മുതൽമുടക്കിൽ രണ്ട് വർഷം കൊണ്ട് നിർമ്മിക്കാനായിരുന്നു പ്ലാൻ. പിണറായി വിജയൻ സർക്കാർ വന്നതിന് ശേഷം 2016 ഒക്ടോബറിൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. 41.27 കോടി രൂപയാണ് ഫ്ളൈ ഓവറിന്റെ നിർമ്മാണച്ചെലവ്. ഇതിൽ 34 കോടി മാത്രമാണ് കരാറുകാരന് കൊടുത്തത്. നിർമ്മാണത്തിൽ തകരാർ കണ്ടെത്തിയതിനാൽ ബാക്കി തുക നൽകിയിരുന്നില്ല. ആർ.ഡി.എസ് കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു നിർമാണ കരാർ. ടോൾ ഒഴിവാക്കാൻ ദേശീയപാത അതോറിട്ടിയെ മാറ്റിനിർത്തി സർക്കാർ നിർമാണ ചുമതല ഏൽപ്പിച്ചത് കേരള ബ്രിഡ്ജസ് ആൻഡ് കോർപ്പറേഷനെയായിരുന്നു. ഇവരാണ് ആർ.ഡി.എസിന് കരാർ നൽകിയത്.