സ്‌കൂൾ വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ പ്രത്യേക ഓണസമ്മാനം, നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

Wednesday 20 August 2025 4:36 PM IST

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓണസമ്മാനമായി അരി വിതരണം ചെയ്യുമെന്ന് സർക്കാർ. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്. പ്രി-പ്രൈമറി മുതൽ എട്ടാം ക്ളാസ് വരെയുള്ള 24,77,337 വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ (സപ്ളൈകോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് വിദ്യാർത്ഥികൾക്ക് അരി വിതരണം ചെയ്യാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. സ്‌കൂളുകളിൽ അരി എത്തിക്കാനുള്ള ചുമതലയും സപ്ളൈകോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോയ്ക്ക് 50 പൈസ അധികം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജില്ലകളിൽ അരിക്ക് സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ‌ഡിപ്പോകളിൽ നിന്ന് അരി എത്തിച്ച് വിതരണം ചെയ്യാനും സപ്ളൈകോയ്ക്ക് നിർദേശമുണ്ട്. ഇതിനായി വരുന്ന അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കിൽ തന്നെയായിരിക്കും വഹിക്കുന്നത്.