തേങ്ങയെടുക്കാൻ കയറിയപ്പോൾ കണ്ടത് പത്തിവിടർത്തി നിൽക്കുന്ന മൂർഖനെ, യുവതി പേടിച്ചുവിറച്ചു; പിന്നാലെ നടന്നത്
Wednesday 20 August 2025 4:44 PM IST
കോട്ടയം: യുവതി മൂർഖന്റെ കടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോട്ടയം മാഞ്ഞൂർ സൗത്ത് മകുടാലയം പള്ളിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. സ്‌റ്റോർ മുറിയിൽ തേങ്ങയെടുക്കാൻ കയറിയതായിരുന്നു യുവതി. അപ്രതീക്ഷിതമായി മൂർഖൻ മുന്നിലെത്തി പത്തി വിടർത്തിയതോടെ അവർ പേടിച്ചുപോയി. തുടർന്ന് മൂർഖൻ അരകല്ലിന് അടിയിലേക്ക് കയറുകയും ചെയ്തു.
വീട്ടുകാർ ഉടൻ തന്നെ സ്‌നേക് റെസ്‌ക്യൂവർ ജോമോൻ ശാരിക കുറുപ്പന്തറയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടില്ല. എന്നാൽ അരകല്ല് തറയിലെ പൊത്തിൽ പാമ്പിന്റെ പടം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് രണ്ടര മണിക്കൂറോളം പരിശ്രമിച്ച് അരകല്ല് തറ പൊളിച്ചുമാറ്റിയ ശേഷമാണ് മൂർഖനെ പിടികൂടിയത്. അഞ്ച് അടിയോളം നീളമുള്ള മൂർഖനെയാണ് പിടികൂടിയത്. ഇതിനെ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.