തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര 26ന്  ഹരിത പ്രോട്ടോക്കോൾ പാലിക്കും

Wednesday 20 August 2025 6:05 PM IST

തൃപ്പൂണിത്തുറ: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറയിലെ അത്തം ഘോഷയാത്ര 26ന് നടക്കും. സെപ്തംബർ 4 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തൃപ്പൂണിത്തുറ നഗരസഭ കൗൺസിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.

പ്രധാന പരിപാടികൾ 25ന് വൈകിട്ട് ഹിൽ പാലസിൽ നിന്ന് കൊച്ചി രാജകുടുംബ പ്രതിനിധിയിൽ നിന്ന് അത്തപ്പതാക നഗരസഭാ ചെയർപേഴ്‌സണും കൗൺസിലർമാരും ഏറ്റുവാങ്ങും. 26ന് രാവിലെ 9ന് ഗവ. ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ മന്ത്രി എം.ബി. രാജേഷ് അത്തം ആഘോഷം ഉദ്ഘാടനം ചെയ്യും. കെ. ബാബു എം.എൽ.എ. അധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തും. നടൻ ജയറാം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 9:30ന് അത്തം ഘോഷയാത്ര ആരംഭിക്കും. അത്താഘോഷത്തിന് 66 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആഘോഷം പൂർണമായും ഹരിത പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും നടത്തുന്നത്. കോടതി വിധി നിലനിൽക്കുന്നതിനാൽ വഴിയരികിലെ പൂക്കച്ചവടം ഒഴിവാക്കി മുനിസിപ്പൽ ഓഫീസിന് മുന്നിലുള്ള സ്ഥലം ഇതിനായി മാറ്റിച്ചിട്ടുണ്ട്. സെപ്തംബർ 4ന് അത്തപ്പതാക തൃക്കാക്കര നഗരസഭയ്ക്ക് കൈമാറുന്നതോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

 കലാപരിപാടികൾ

26 രാവിലെ 11ന് സിയോൺ ഓഡിറ്റോറിയത്തിൽ അത്ത പൂക്കള മത്സരം. 5ന് വൈക്കം അനിരുദ്ധന്റെ നാഗസ്വര കച്ചേരി. 6.30ന് കലാസന്ധ്യ ഉദ്ഘാടനം, 7ന് ഗാന മേള. 27ന് വൈകിട്ട് 5ന് പപ്പറ്റ് ഷോ. 5.30ന് ആലിങ്ങലമ്മ പെരിഞ്ഞനത്തിന്റെ ഫ്യൂഷൻ കൈകൊട്ടിക്കളി. 7.30ന് നടൻ നിയാസിന്റെ മെഗാ ഷോ. 28ന് വൈകിട്ട് 5ന് മൃദുല സ്പർശം സ്‌കൂൾ വിദ്യാർത്ഥികളുടെ കലാവിരുന്ന്. 6ന് കുച്ചിപ്പുഡി. 7.30ന് ഗസൽ. 29ന് വൈകിട്ട് 5ന് ഓട്ടൻതുള്ളൽ. 6ന് ഫ്യൂഷൻ കൈ കൊട്ടിക്കളി. 7.30ന് ഗാനമേള 30ന് വൈകിട്ട് 5ന് ആദർശ് സ്‌കൂൾ വിദ്യാർത്ഥികളുടെ കലാവിരുന്ന്. 6ന് സംഗീത നൃത്ത സംഗമം. 7.30ന് വയലിൻ ഹാർമണി. 31ന് വൈകിട്ട് 5ന് ഡാൻസ് മ്യൂസിക് ഷോ, 7.30ന് നാടൻപാട്ട്. സെപ്തംബർ ഒന്നിന് വൈകിട്ട് 5ന് വയലിൻ കച്ചേരി. 6ന് കൗൺസിലർമാർ ജീവനക്കാരുടെ കലാവിരുന്ന്. 2ന് വൈകിട്ട് 5ന് നൃത്തം. 7.30ന് നാടകം.

3ന് വൈകിട്ട് 4ന് അത്തം കലാമത്സര വിജയി കൾക്കുള്ള അനുമോദനം, കലാഭവൻ പ്രജോദ് ഉദ്ഘാടനം ചെയ്യും. 7ന് കഥകളി. 4ന് രാവിലെ 9ന് അത്തം പതാകയുടെ തൃക്കാക്കരയിലേക്കുള്ള പ്രയാണം.