തെറ്റായ പ്രവണതയുള്ള ഉദ്യോഗസ്ഥരോട് സന്ധിയില്ല: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തെറ്റായ പ്രവണതകള്‍ വച്ചു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരോട് സംസ്ഥാന സര്‍ക്കാറിന് യാതൊരു സന്ധിയും ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വക്കം-കായിക്കര കടവ് പാലം നിര്‍മ്മാണ ഉദ്ഘാടനവും ബി.എം & ബി.സി. നിലവാരത്തില്‍ നവീകരിച്ച നിലയ്ക്കാമുക്ക്- കായിക്കരക്കടവ് പണയില്‍ക്കടവ് റോഡിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള റോഡുകളും പാലങ്ങളുമാണ് കേരളത്തില്‍ ഉയരുക. കരാറുകാര്‍ പാലം, റോഡ് എന്നിവയുടെ പൂര്‍ത്തീകരണത്തില്‍ ഭംഗം വരുത്തിയാല്‍ കൃത്യമായ നടപടി നേരിടേണ്ടി വരും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 100 ശതമാനം റോഡുകളും ബി.എം & ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തും എന്നും ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ 65 ശതമാനത്തിലേറെ റോഡുകളും ഇത്തരത്തില്‍ ആകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ആറ്റിങ്ങല്‍, ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ വക്കം-അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനായി ടി എസ് കനാലിന് കുറുകെ കായിക്കര കടവില്‍ നിര്‍മ്മിച്ച പാലം 221.3 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ഇരുവശങ്ങളിലുമായി നടപ്പാതയും ഉള്‍പ്പെടുന്നതാണ്.
പൊതു മരാമത്ത് വകുപ്പിന്റെ വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നാല് കോടി 34 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. ഒ.എസ്.അംബിക എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി. ശശി എം എല്‍ എ, കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. രാമു, കെ.ആര്‍.എഫ്.ബി പ്രോജക്ട് ഡയറക്ടര്‍ എം. അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.