സോന എൽദോസിന്റെ ആത്മഹത്യ; റെമീസ് തെളിവെടുപ്പിൽ പൊലീസിനെ കുഴക്കി

Thursday 21 August 2025 12:13 AM IST
സോനയുടെ ആത്മഹത്യാ കേസിൽ പ്രതി റെമീസുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു

കോതമംഗലം: കറുകടത്ത് സോന എൽദോസ് ആത്മഹത്യചെയ്ത കേസിലെ മുഖ്യപ്രതി റെമീസ് തെളിവെടുപ്പിനിടെ പൊലീസിനെ കുഴക്കി. യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലായിരുന്നു തെളിവെടുപ്പ്.

കോതമംഗലത്തെ ലോഡ്ജിൽവച്ചാണ് പീഡനമെന്നായിരുന്നു പ്രതിയുടെ ആദ്യമൊഴി. ഇതനുസരിച്ച് ബസ് സ്റ്റാൻഡിന് സമീപത്തെ മുൻനിര ഹോട്ടലിൽ എത്തിച്ചപ്പോൾ പ്രതി മറ്റൊരു ഹോട്ടലിന്റെ പേര് പറഞ്ഞു. തുടർന്ന് ഹൈറേഞ്ച് ജംഗ്ഷന് സമീപത്തെ ഹോട്ടലിൽ പൊലീസ് പ്രതിയുമായെത്തി. റിസപ്ഷനിലെ രജിസ്റ്റർ ബുക്ക് പരിശോധിച്ചെങ്കിലും പ്രതി മുറിയെടുത്തതിന്റെ തെളിവ് കണ്ടെത്താനായില്ല. പിന്നീട് പ്രതിയെ കൂട്ടാതെ തന്നെ മറ്റ് ചില ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് അന്വേഷണം നടത്തി. ഇതിനിടെയാണ് ബൈപ്പാസ് റോഡിലെ ബാർ ഹോട്ടലിലാണെന്ന സൂചന ലഭിച്ചത്. തുടർന്ന് പ്രതിയുമായി അവിടെയെത്തി രജിസ്റ്റർ പരിശോധിച്ചു. പ്രതി പറഞ്ഞ തീയതിയിൽ യുവതിയുടെ പേരിൽ മുറിയെടുത്തിട്ടുള്ളതായി കണ്ടെത്തി.

പ്രത്യേക അന്വേഷണസംഘത്തിലെ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസങ്ങളിലായി തെളിവെടുപ്പ് പൂർത്തിയാക്കിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റെമീസിനെ റിമാൻഡ് ചെയ്തു.

റെമീസിന്റെ മാതാപിതാക്കളായ റഹിമോനും ഷെറീനയും സുഹൃത്ത് അബ്ദുൾ സഹദുമാണ് മറ്റ് പ്രതികൾ. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം മാത്രമാണുള്ളത്.