കോർപ്പറേഷൻ കെട്ടിട നമ്പർ തട്ടിപ്പ് , മുഖ്യമന്ത്രിയെ കാണാൻ വിലക്കിയതിൽ യു.ഡി.എഫിൽ ഭിന്നത, അതൃപ്തി
കോഴിക്കോട്: കോർപ്പറേഷൻ റവന്യു വിഭാഗം ഉദ്യോഗസ്ഥരുടെ യൂസർ ഐ.ഡിയും പാസ്‌വേഡും ചോർത്തി കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുന്നതിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ യു.ഡി.എഫിൽ ഭിന്നത. സർവകക്ഷി സംഘം ഇന്നലെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കാണാനിരിക്കയൊണ് കോൺഗ്രസ് നേതാവും യു.ഡി.എഫ് കൗൺസിൽ പാർട്ടി അംഗവുമായ കെ.സി ശോഭിതയെ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഇടപെട്ട് വിലക്കിയത്. തുടർന്ന് ശോഭിത യാത്രയിൽ നിന്ന് പിൻമാറുകയും മറ്റ് യു.ഡി.എഫ് അംഗങ്ങൾ യാത്ര ഉപേക്ഷിക്കുകയും ചെയ്തു. കേസിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്നും കുറ്റപത്രം വേഗം സമർപ്പിക്കണമെന്നും യു.ഡി.എഫ് അംഗങ്ങളാണ് കൗൺസിലിൽ നിരന്തരം ആവശ്യമുന്നയിച്ചത്. തുടർന്നാണ് ഇന്നലെ മുഖ്യമന്ത്രി നേരിൽ കാണാനുള്ള അനുമതി നൽകിയത്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് കൗൺസിലിലെ പ്രതിപക്ഷാംഗങ്ങൾക്ക് പ്രതിഷേധമറിയിക്കാനുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതായത്. ഇതിൽ യു.ഡി.എഫ് കൗൺസിലർമാർ കടുത്ത അതൃപ്തിയിലാണ്. തട്ടിപ്പുമായി ബന്ധമുള്ള ചിലരുടെ ബാഹ്യ ഇടപെടൽ ഇക്കാര്യത്തിലുണ്ടോയെന്ന് യു.ഡി.എഫിനുള്ളിൽ സംശയമുയർന്നിട്ടുണ്ട്. തട്ടിപ്പിലുൾപ്പെട്ടവർക്ക് നേതാക്കളുമായുള്ള അടുത്ത ബന്ധം വിലക്കിന് പിന്നിലുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയെ കാണാനുള്ള അനുമതി ലഭിച്ചശേഷവും ഇക്കാര്യം ജില്ലാ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അവസാന നിമിഷം യാത്ര വിലക്കിയതെന്നാണ് ഉയരുന്ന ആക്ഷേപം. അതേ സമയം കോർപ്പറേഷനിൽ നടന്ന എല്ലാ തട്ടിപ്പിനും പിന്നിൽ സി.പി.എമ്മാണെന്നും ഇതേ അഴിമതി അന്വേഷിക്കാൻ മുഖ്യമന്ത്രിയെ തന്നെ കാണേണ്ടി വരുന്നത് അപഹാസ്യമായതിനാലാണ് യാത്ര വിലക്കിയതെന്നാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ പറയുന്നത്. ഇത് ശരിയായ ന്യായീകരണമെല്ലെന്നുമാണ് യു.ഡി.എഫിലെ മറ്റു ഘടകകക്ഷി കൗൺസിലർമാരുടെ അഭിപ്രായം. അതിനിടെ പാർട്ടിയെ അനുസരിക്കുകയാണെന്നും മറ്റൊന്നും പ്രതികരിക്കാനില്ലെന്നും യു.ഡി.എഫ് പാർട്ടി ലീഡർ കെ.സി ശോഭിത പറഞ്ഞു. കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് യു.ഡി.എഫിന് ആഗ്രഹമില്ലെന്ന് വ്യക്തമായതായി കോർപറേഷൻ ഭരണപക്ഷം ആരോപിച്ചു.
മുഖ്യമന്ത്രിയെ കണ്ട് മേയറും സംഘവും
കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നും കുറ്റപത്രം വേഗം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ട് സർവകക്ഷിസംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു. മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, നികുതി അപ്പീൽ കാര്യം സ്ഥിരംസമിതി ചെയർമാൻ പി കെ നാസർ, കൗൺസിലർമാരായ എം എസ് തുഷാര, ഒ സദാശിവൻ അടങ്ങിയവരാണ് ഇന്നലെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടത്. കേസിൽ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മേയർ ബീന ഫിലിപ്പ് അറിയിച്ചു.