സി.ബി.എസ്.ഇ അത്ലറ്റിക് മീറ്റ്: എറണാകുളം കുതിക്കുന്നു
മൂവാറ്റുപുഴ കാർമ്മൽ സ്കൂളുകളിൽ മുന്നിൽ
കൊച്ചി: മഹാരാജാസ് കോളേജിൽ ഗ്രൗണ്ടിൽ ആരംഭിച്ച സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്ലറ്റിക് മീറ്റിന്റെ ആദ്യദിനത്തിൽ എറണാകുളം ജില്ലയിലെ സ്കൂളുകളുടെ കുതിപ്പിന്. 37 ഫൈനൽ പൂർത്തിയാകുമ്പോൾ പോയിന്റ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനത്തും എറണാകുളത്തെ സ്കൂളുകളാണ്. 158 പോയിന്റുമായി മൂവാറ്റുപുഴ കാർമൽ പബ്ലിക് സ്കൂളാണ് മെഡൽവേട്ടയിൽ മുന്നിൽ. തേവയ്ക്കൽ വിദ്യോദയ സ്കൂളിനേക്കാളും 63 പോയിന്റ് കൂടുതൽ. 95 പോയിന്റാണ് വിദ്യോദയയുടെ സമ്പാദ്യം. വടുതല ചിന്മയ വിദ്യാലയ 93 പോയിന്റുമായി മൂന്നാമതെത്തി.
അണ്ടർ 14
ആൺകുട്ടികളുടെ വിഭാഗം 20 പോയിന്റ് സ്വന്തമാക്കി എളമക്കര ഭവൻസ് വിദ്യാമന്ദിറും തിരുവല്ല ബിലിവേഴ്സ് ചർച്ച റെസിഡന്റ്സ് സ്കൂളും ഒപ്പത്തിനൊപ്പമാണ്. പെൺകുട്ടികളുടെ വിഭാഗത്തിൽ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയയാണ് മുന്നിൽ. 17 പോയിന്റ്.
അണ്ടർ 17
ആൺകുട്ടികളിൽ വടുതല ചിന്മയ വിദ്യാലയ ബഹുദൂരം മുന്നിലെത്തി. 32പോയിന്റുമായാണ് കാറ്റഗറിയിൽ കുതിപ്പ്. പെൺകുട്ടികളുടെ വിഭാഗത്തിൽ മൂവാറ്റുപുഴ കാർമ്മൽ പബ്ലിക്ക് സ്കൂളും അതിവേഗ കുതിപ്പ് തുടരുകയാണ്. 38 പോയിന്റ്.
അണ്ടർ 19
ആൺകുട്ടികളുടെ വിഭാഗത്തിലും മൂവാറ്റുപുഴ കാർമൽ പബ്ലിക്ക് സ്കൂൾ തന്നെയാണ് മുന്നിൽ. 52പോയിന്റ്. കാക്കനാട് ഭവൻസ് ആദർശ വിദ്യാലയയാണ് പെൺകുട്ടികളുടെ വിഭാഗത്തിൽ മുന്നിൽ. 35 പോയിന്റ്. ഇന്ന് 37 ഫൈനലുകൾ നടക്കും. തിരുവനന്തപുരം മുതൽ തൃശൂർ വരെ ജില്ലകളിലെ സ്കൂളുകളാണ് മീറ്റിൽ പങ്കെടുക്കുന്നത്.
പോയിന്റ് ടേബിൾ
കാർമൽ പബ്ലിക് സ്കൂൾ - 158 തേവയ്ക്കൽ വിദ്യോദയ - 95 വടുതല ചിന്മയ വിദ്യാലയ - 93 ഭവൻസ് ആദശ് വിദ്യാലയ - 89 കയിരിപ്പ് സെന്റ് പീറ്റേഴ്സ് -86 വിശ്വദീപ്തി പബ്ലിക് സ്കൂൾ- 78 എരൂർ ഭവൻസ് വിദ്യാ മന്ദിർ - 61 എളമക്കര ഭവൻസ് വിദ്യാമന്ദിർ -55
ലഹരിക്കെതിരെ കൂട്ടനടത്തം: വിശിഷ്ടവ്യക്തികളും ഒപ്പംചേർന്നു
കൊച്ചി: ലഹരിക്കെതിരെ വിശിഷ്ടാതിഥികളും വിദ്യാർത്ഥികളും പങ്കെടുത്ത കൂട്ടനടത്തത്തവും പ്രതിജ്ഞയുമായാണ് സി.ബി.എസ്.ഇ ക്ളസ്റ്റർ അത്ലറ്റിക്സ് മത്സരങ്ങൾ ആരംഭിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ലഹരിവിരുദ്ധ കൊച്ചിയെന്ന ലക്ഷ്യത്തിനായി സിറ്റി പൊലീസ് നടപ്പാക്കുന്ന ഉദയം പദ്ധതിയുടെ ഭാഗമായാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്. എൻ.സി.സി 22 ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ വിക്രാന്ത് അധികാരി, സി.ബി.എസ്.ഇ റീജണൽ ഓഫീസർ രാജീബ് ബറൂവ, അത്ലറ്റിക് മീറ്റ് ജനറൽ കൺവീനർ ഡോ. ഇന്ദിര രാജൻ, ഭവൻസ് കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി വാര്യർ തുടങ്ങിയവർ അണിചേർന്നു.
മികച്ച പ്രകടനങ്ങൾ: ഇന്ദിര രാജൻ അത്ലറ്റിക് മീറ്റിൽ മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവച്ചതെന്ന് ജനറൽ കൺവീനറും മീറ്റിന് ആതിഥേയത്വം വഹിക്കുന്ന പെരുമ്പാവൂർ പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടറുമായ ഡോ. ഇന്ദിര രാജൻ പറഞ്ഞു. എല്ലാ ജില്ലകളിൽ നിന്നും പങ്കാളിത്തം ലഭിച്ചു. കാലാവസ്ഥ ഉൾപ്പെടെ പ്രശ്നങ്ങൾ മൂലം വേണ്ടത്ര പരിശീലനം നേടാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടില്ല. അത് പരിഹരിക്കുന്ന രീതിയിൽ അടുത്ത മീറ്റിന്റെ സമയം നിശ്ചയിക്കാൻ സി.ബി.എസ്.ഇയുമായി ചർച്ച നടത്തും. ദേശീയ വിദ്യാഭ്യാസനയത്തിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗമായതിനാൽ നിരന്തരപരിശീലനം ഉൾപ്പെടെ ആവശ്യമാണെന്ന് ഡോ. ഇന്ദിര രാജൻ പറഞ്ഞു.
വന്നു, ചാടി പൊന്നുനേടി
കൊച്ചി: അഫ്രീൻ ഷക്കീൻ, അണ്ടർ 19 പെൺകുട്ടികളുടെ ലോംഗ് ജമ്പ് വിജയികളുടെ പട്ടികയിൽ ഇന്നലെ ഈ പേര് വീണ്ടും എഴുതിച്ചേർത്തു. ജയിക്കാൻ ഉറച്ചെത്തിയതിന്റെ ഫലം. കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ മിന്നും താരത്തിന്റെ ഏഴയലത്ത് പോലും എതിരാളികൾ എത്തിയില്ല. 4.85 മീറ്റർ ദൂരത്തേയ്ക്ക് പറപറന്നാണ് അഫ്രീൻ സ്വർണത്തിൽ മുത്തമിട്ടത്. കഴിഞ്ഞ വർഷവും അഫ്രീൻ തന്നെയായിരുന്നു വിജയി. റായ്പൂർ നാഷണൽ മീറ്റിൽ സ്വർണം നേടിയ അണ്ടർ 19 പെൺകുട്ടികളുടെ 4-100 റിലേ ടീമിലും അംഗമായിരുന്നു. 2023 ൽ വാരണാസി സി.ബി.എസ്.ഇ നാഷണൽ മീറ്റിൽ അണ്ടർ 17 പെൺകുട്ടികളുടെ ലോംഗ് ജമ്പിൽ സ്വർണം നേടി. അത്ലറ്റിക്സിന് പുറമേ അഫ്രീൻ കബഡിയിലും തീപ്പൊരി. തിരുവനന്തപുരത്ത് നടന്ന സി.ബി.എസ്.ഇ കബഡി ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഭവൻസ് ആദർശ വിദ്യാലയത്തിന്റെ ടീമലും അഫ്രീൻ കസറി. ലോംഗ് ജമ്പിൽ ഇന്ത്യയ്ക്കായി ഒളിമ്പിക്സ് മെഡലാണ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുടെ ലക്ഷ്യം. ഭവൻസ് ആദർശ വിദ്യാലത്തിലെ കായികാദ്ധ്യാപകൻ രാജ്കുമാറിന്റെ കീഴിലാണ് പരിശീലനം. ഗ്രാഫിക് ഡിസൈനറായ ഷക്കീനും നെടുമ്പാശേരി എയർപോർട്ടിലെ ഗ്രൗണ്ട് സ്റ്റാഫായ ശബ്നവുമാണ് മാതാപിതാക്കൾ. അർഫാസാണ് സഹോദരൻ.